ഇന്ത്യൻ സ്കൂൾ ബൗഷറിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടി
മസ്കത്ത്: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ധീര സ്മരണകൾ പുതുക്കി ഒമാനിലെ പ്രവാസി സമൂഹം ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയിലും ഇന്ത്യൻ സ്കൂളുകളിലും വിവിധ ആഘോഷ പരിപാടികളും നടന്നു. പൊതുഅവധി ദിനമായതിനാൽ ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷത്തിന് നിരവധി പ്രവാസികൾ എത്തിയിരുന്നു. അംബാസഡർ
ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. രാജ്യത്തിന്റെ പുരോഗതിയിലും സ്വാശ്രയത്വത്തിലും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രപതിയുടെ സന്ദേശവും അംബാസഡർ വായിച്ചു. ഇന്ത്യയുടെ വൈവിധ്യവും ഊർജസ്വലതയും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും മറ്റും എംബസിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ അംബാസഡർ ജി.വി. ശ്രീനിവാസ് പതാക ഉയർത്തുന്നു
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യന്‍ സ്ഥാനപതി ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി. ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് സയിദ് സല്മാന് വിശിഷ്ടാതിഥിയായി. എംബസി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍, മറ്റു അതിഥികള്‍, രക്ഷാകര്ത്താക്കള് എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 6.30ന് ഐ.എസ്.എം ഗ്രൗണ്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് തവിഷി ബെഹല്‍ പാണ്ഡെ മുഖ്യാതിഥിയായി. കലാ, സാംസ്കാരിക പരിപാടികളും വിദ്യാര്‍ഥികളുടെ പ്രകടനങ്ങളും അരങ്ങേറി.
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. സുനൈദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹംം വായിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാര്‍ ദാസരി അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് ഫഹിം ഖാൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച ടാബ്ലോ, സ്കിറ്റ്, ഡാൻസ്, വിവിധ ഇന്ത്യൻ ഭാഷകളിലെ ദേശഭക്തി ഗാനങ്ങൾ എന്നിവ അരങ്ങേറി. ഹെഡ് ഗേൾ അനാഹിത മുഫീദ് പുലാത്ത് സ്വാഗതവും ഹെഡ് ബോയ് റിഹാൻ റഹ്മാൻ നന്ദിയും പറഞ്ഞു.
നിസ്വ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
ഇബ്രി: 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഇബ്രി ഇന്ത്യൻ സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ക്വയറിന്റെ ഒമാൻ-ഇന്ത്യൻ ദേശീയ ഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ സിയ മെറിൻ സ്വാഗതം പറഞ്ഞു. സുവൈരിയ മുബശ്ശിറ ചടങ്ങ് നിയന്ത്രിച്ചു.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് ശബ്നം ബീഗം മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ വർണാഭമായ മാർച്ച് പാസ്റ്റിന് പ്രിൻസിപ്പലും മുഖ്യാതിഥിയും അഭിവാദ്യം സ്വീകരിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശം സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് വായിച്ചു. വിദ്യാർഥികളുടെ നൃത്ത-നൃത്യങ്ങൾ ദേശഭക്തിഗാനങ്ങൾ, വ്യത്യസ്ത ഭാഷയിലുള്ള പ്രഭാഷണങ്ങൾ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ തത്ത്വമുയർത്തി പിടിക്കുന്നതായി. ‘വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും’ എന്ന തലക്കെട്ടിൽ വിദ്യാർഥികൾ അവതരിപ്പിച്ച ടാബ്ലോ സദസ്സിന് വേറിട്ട അനുഭവമായി. വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു ചടങ്ങിന് ആശംസകൾ നേർന്നു. അഡീഷനൽ വൈസ് പ്രിൻസിപ്പൽ വിജയകുമാർ ഡൊമിനിക്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ, രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രശസ്തർ ചടങ്ങിൽ സംബന്ധിച്ചു. നിയ നന്ദി പറഞ്ഞു.
ഇബ്രി ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടി
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ബൗഷറിൽ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ സ്പോർട്സ് ആൻഡ് കോ-കരിക്കുലർ സബ്-കമ്മിറ്റി ചെയർപേഴ്സൻ ബാലാജി വെങ്കിടേഷ് ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ രമ്യ ദാമോദരനും പങ്കെടുത്തു. ദേശീയഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ ഹെഡ് ഗേൾ സുപ്രിയ സാഹു സ്വാഗതം പറഞ്ഞു. ഇന്ത്യ- എ ഗ്ലോറിയസ് ജേണി എന്ന പേരിൽ വിഡിയോ പ്രസന്റേഷനും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം, സാംസ്കാരിക പൈതൃകം, നേട്ടങ്ങൾ എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷകമായ യാത്രയിലേക്ക് കൊണ്ടുപോയ അവതരണമായിരുന്നു ഇന്ത്യ-എ ഗ്ലോറിയസ് ജേണിയുടേത്. ഇന്ത്യയുടെ വികസന യാത്രയിൽ നിർമിതബുദ്ധിയുടെ പ്രധാന പങ്കിനെക്കുറിച്ചും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അതിന്റെ കഴിവിനെക്കുറിച്ചും പ്രിൻസിപ്പൽ പ്രഭാകരൻ പി സംസാരിച്ചു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തത്സമയ പ്രദർശനവും സ്കൂളിൽ ഒരുക്കിയിരുന്നു. എക്കോസ് ഓഫ് ഇന്ത്യൻ ഇൻഡിപെൻറൻസ്, ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ആലപിച്ച ദേശഭക്തി ഗാനങ്ങളുടെ മിശ്രിതമായ ഏകതാ കി ധുൻ - മെലഡി ഓഫ് യൂനിറ്റി, രംഗീലോ ഭാരത് എന്ന നൃത്താവതരണം എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
മുലദ്ദ: ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാജ്യത്തോടുള്ള ആദരവും സ്നേഹവും വ്യക്തമാക്കുന്ന ലേഖനങ്ങളും പോസ്റ്ററുകളും നിറഞ്ഞ വിദ്യാലയം ത്രിവർണ നിറത്താൽ അലംകൃതമായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറർ ഡോ. അജീബ് പാലക്കൽ മുഖ്യാതിഥിയായി. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫഹീം അഹമ്മദ്, മുസ്തഫ നായ്ക്കരിമ്പിൽ, കെ.പി. ഗൗതം എന്നിവർ പങ്കെടുത്തു. സ്കൂൾ ബാൻഡ് സംഘത്തിന്റെ ‘ഫ്രീഡം ബീറ്റ്സ്’ പരേഡോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ സ്കൂൾ ഗായകസംഘം ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു, സ്കൂൾ ക്യാപ്റ്റന്റെ നേതൃത്വത്തിൽ വിദ്യാർഥി കൗൺസിൽ അംഗങ്ങളുടെ മാർച്ച് പാസ്റ്റ് ഗാർഡ് ഓഫ് ഓണർ മുഖ്യാതിഥി ഡോ. അജീബ് പാലക്കൽ സ്വീകരിച്ചു.
പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് സദസ്സിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യയുടെ മഹത്തായ ഭൂതകാലം, സ്വാതന്ത്ര്യസമരം, സർക്കാർ പദ്ധതികൾ, സമീപകാല നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ശ്രീമതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ചു.
മുലദ്ദ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
വിദ്യാർഥികൾ അവതരിപ്പിച്ച ‘എ ട്രിബ്യൂട്ട് ടു ദി അൺസങ് ഹീറോസ്’ എന്ന നൃത്താവിഷ്കാരം വിത്യസ്ത അവതരണ ശൈലികൊണ്ട് ശ്രദ്ധേയമായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ധീരമായി പോരാടിയ അല്ലൂരി സീതാരാമൻ- തെലങ്കാന, റാണി ഗൈഡനലു- നാഗാലാൻഡ്, തിരുപ്പൂർ കുമരൻ-തമിഴ്നാട്, മാതംഗ്നനി ഹസ്റ- പശ്ചിമ ബംഗാൾ, ബിർസ മുണ്ട - ഝാർഖണ്ഡ് എന്നീ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിരൂപങ്ങളെ സ്വാതന്ത്ര്യസമര ഗാനത്തിനൊത്ത് സമന്വയിപ്പിച്ച് അതത് സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്ന നൃത്തങ്ങളോടൊപ്പമവതരിപ്പിച്ചത് കാണികളിൽ ആദരവും ദേശസ്നേഹവും ഉണർത്തുന്നതായി.
മുഖ്യാതിഥി ഡോ. അജീബ് പാലക്കൽ തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പൂർവികരുടെ നിസ്വാർഥവും ധീരവുമായ ത്യാഗങ്ങളിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിനെ മാനിക്കണമെന്നും ആഹ്വാനം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള 35 വിദ്യാർഥികൾ വിവിധ ഭാഷകളിൽ ആലപിച്ച ദേശഭക്തിഗാനത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം സുമയ്യ ഖലീൽ മുഖ്യാതിഥിയായി.
ദേശീയ ഗാനവും തുടർന്ന് ‘മാ തുജെ സലാം’ ഗാനവും ആലപിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രകടിപ്പിക്കുന്ന സാംസ്കാരിക പരിപാടി അരങ്ങേറി.
ഗായകസംഘങ്ങൾ ‘യേ ദേശ് മേരി ജാൻ ഹേ’, ‘കറേജ് ടു ചേഞ്ച്’ എന്നീ രണ്ട് ഹൃദയസ്പർശിയായ ഗാനങ്ങൾ അവതരിപ്പിച്ചു. സ്വതന്ത്രമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ സംഭാവന എടുത്തുകാണിക്കുന്ന ‘ദി റിയൽ ഇന്ത്യ’ എന്ന സ്കിറ്റ് അവതരണവും നടന്നു. രാജ്യത്തിന്റെ അഭിമാനം കെട്ടിപ്പടുക്കുന്നതിൽ വിവിധ തൊഴിലുകളുടെ പങ്കിനെ ഇത് ചിത്രീകരിച്ചു. അതുവഴി ഉത്തരവാദിത്തവും സേവനവും വഴിയാണ് സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതെന്ന് ഊന്നിപ്പറഞ്ഞു. പ്രിൻസിപ്പൽ പാപ്രി ഘോഷ് നടത്തിയ പ്രാർഥനയോടെ പരിപാടി അവസാനിച്ചു.
ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.