നരേന്ദ്ര മോദിയും സുൽത്താൻ ഹൈതം ബിൻ താരിഖും
മസ്കത്ത്: സഹകരണത്തിന്റെ പുതിയ അധ്യായം തുറന്ന് ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി.ഇ.പി.എ) ഒപ്പുവെച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തിന്റെ രണ്ടാംദിവസമായ വ്യാഴാഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖുമായി മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് സ്വതന്ത്ര വ്യാപാര കരാർ എന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക-വാണിജ്യ സഹകരണത്തിലെ ചരിത്ര സന്ദർഭമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും ഒമാനും തമ്മിലെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയും ദീർഘകാല പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാകുകയോ ഗണ്യമായി കുറയുകയോ ചെയ്യുമെന്നതാണ് കരാറിന്റെ നേട്ടം. സേവന മേഖലയിലെ വ്യാപാരം എളുപ്പമാക്കാനും ഇരു രാജ്യങ്ങളിലും നിക്ഷേപം ആകർഷിക്കാനും കരാർ വഴിവെക്കും. ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.5 ബില്യൺ യു.എസ് ഡോളറാണ്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധങ്ങൾക്ക് പുതിയ ഊർജവും ആത്മവിശ്വാസവും ദിശാബോധവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 21ാം നൂറ്റാണ്ടിൽ നമ്മുടെ പങ്കാളിത്തത്തിന് ഉണർവ് നൽകുന്ന പ്രസ്തുത കരാർ, ഇന്ത്യയുടെ പങ്കാളിത്ത ഭാവിയുടെ രൂപരേഖ കൂടിയാണെന്നും എല്ലാ മേഖലയിലും പുതിയ അവസരങ്ങൾക്ക് വഴിവെക്കുമെന്നും മോദി പറഞ്ഞു. ബുധനാഴ്ച രാത്രി ഇരു രാജ്യങ്ങളുടെയും വിദേശന്ത്രിമാർ, വാണിജ്യ മന്ത്രിമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സംയുക്ത മാരിടൈം വിഷൻ രേഖ, ഉദ്യോഗസ്ഥ തല സഹകരണ പദ്ധതി, നാല് ധാരണപത്രം എന്നിവയിലും ഒപ്പുവെച്ചിരുന്നു.
ഇന്ത്യയുടെയും ഒമാന്റെയും കടൽമേഖലയിലെ സുരക്ഷയടക്കമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സംയുക്ത മാരിടൈം വിഷൻ രേഖ. ചെറുധാന്യങ്ങളടെ (മില്ലറ്റ് ) കൃഷിയുമായും ഭക്ഷ്യ-കാർഷിക വ്യവസായങ്ങളിലെ നവീകരണവുമായും ബന്ധപ്പെട്ട പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ പരസ്പര സഹകരണത്തിനു പുറമെ, സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണം–നവീകരണം-നൈപുണ്യ വികസനം, കൃഷിയും അനുബന്ധ മേഖലകളും എന്നീ വിഷയങ്ങളിൽ മൂന്ന് ധാരണപത്രങ്ങളും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഒ.സി.സിഐ) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സി.ഐ.ഐ) തമ്മിലുള്ള മറ്റൊരു ധാരണപത്രവും ഒപ്പുവെച്ചവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.