കഴിഞ്ഞ ലക്കത്തിൽ എഴുതിയിരുന്നതുപോലെ നിക്ഷേപങ്ങൾക്ക് ലോകമെമ്പാടും ബാങ്കുകള്‍ ഒരു രീതിയിലുള്ള സെക്യൂരിറ്റിയും നിക്ഷേപകന് കൊടുക്കുന്നില്ല. ഇത് പൊതുമേഖയിലും സ്വകാര്യമേഖലയിലും സഹകരണ മേഖലയിലുള്ള ആർ.ബി.ഐ നിയന്ത്രണത്തിലുള്ള അർബൻ കോ-ഓപറേറ്റീവ് ബാങ്കുകളും ഇന്ത്യയിൽ പ്രവൃത്തിക്കുന്ന വിദേശ ബാങ്കുകൾക്കും ബാധകമാണ്. ഈ ബാങ്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിക്ഷേപകരുടെ കാര്യം ബുദ്ധിമുട്ടിലാകും. നാട്ടിലെ പല കോ-ഓപറേറ്റിവ് സൊസൈറ്റികൾ ഡെപോസിറ്റ് തിരികെ കൊടുക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ട്.
ബാങ്കുകൾ ഏതൊരു രാജ്യത്തിന്റെയും നട്ടെല്ലാണ്. ബാങ്കിങ് സംവിധാനത്തിലുള്ള വിശ്വാസക്കുറവ് രാജ്യത്തിന്റെ തന്നെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഇത് പരിഹരിക്കാനായി ലോകത്തെ എല്ലാ രാജ്യങ്ങളും ഡെപ്പോസിറ്റിനു പരിധിക്കു വിധേയമായി ഒരു ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് അഞ്ചു ലക്ഷം രൂപയാണ്. അമേരിക്കയിൽ ഇത് രണ്ടര ലക്ഷം ഡോളർ ആണ്. ഒമാനിൽ 2,0000 ഒമാനി റിയാൽ ആണ്. ശ്രീലങ്കയിൽ ഇത് 11 ലക്ഷം ശ്രീലങ്കൻ രൂപയാണ്. ഓരോ രാജ്യത്തും ഇതിനു വേണ്ടി ഒരു ഏജൻസി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷന് (ഡി.എ.സി.ജി.സി) ആണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇനി ഈ നിക്ഷേപ സുരക്ഷിതത്വം എങ്ങനെ കൂട്ടാം എന്നറിയാം. നിലവിലെ നിയമങ്ങള്‍ അനുസരിച്ചു ഒരു നിക്ഷേപകനു ഒരു ബാങ്കില്‍ എല്ലാ നിക്ഷേപങ്ങളും പലിശ ഉള്‍പ്പടെ (സേവിങ്സ് ബാങ്ക് /ഫിക്സഡ് ഡെപ്പോസിറ്റ് /റെക്കറിങ് ഡെപ്പോസിറ്റ് )
പരമാവധി അഞ്ചു ലക്ഷം രൂപയാണ് ഗാരന്റി ഉള്ളത്. പരമാവധി അഞ്ചു ലക്ഷം രൂപയാണ് കവറേജ് കിട്ടുന്നത്. എന്നാൽ ഡി.ഐ.സി.ജി.സിയുടെ നിയമങ്ങൾ അനുസരിച്ചു ഈ ഇൻഷുറൻസ് കവറേജ് തുക കൂട്ടാനുള്ള ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നവയാണ്.
1. നിക്ഷേപം പല ബാങ്കുകളിലായി നടത്തുക. (ഓരോ ബാങ്കിലും ഒരാള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുടെ ഗാരന്റി കിട്ടും)
2. ഒരേ ബാങ്കില്‍ തന്നെയും പല രീതിയില്‍ ഡെപ്പോസിറ് ചെയ്യുക. അതായതു ഒറ്റക്കുള്ള അക്കൗണ്ട്, ഭാര്യയുടെ അക്കൗണ്ട്, ഭാര്യ/ഭർത്താവുമായി
ചേര്‍ന്നുള്ള ജോയന്റ് അക്കൗണ്ട്, ഭർത്താവ്/ ഭാര്യ ജോയന്റ് അക്കൗണ്ട് . ഇങ്ങനെ നാലു രീതിയിൽ അക്കൗണ്ടില്‍ സ്ഥിര നിക്ഷേപങ്ങള്‍ ഇടുന്നതുകൊണ്ട് 20 ലക്ഷം രൂപയുടെ ഗാരന്റി കവര്‍ കിട്ടും. ഗാരന്റി കവറിനു വേണ്ടി ഇതുപോലെ വ്യത്യസ്ത രീതിയിൽ നിക്ഷേപം നടത്താം. കുട്ടികളുടെ പേരും ചേര്‍ത്ത് ജോയന്റ് അക്കൗണ്ട് ആക്കി ഗാരന്റി കവര്‍ വീണ്ടും ആവശ്യമെങ്കില്‍ കൂട്ടാം.ഉദാഹരണമായി ഒരു കുടുംബത്തിൽ മൂന്നു പേരുണ്ടെങ്കിൽ (എ,ബി, സി)
(i) എ , ബി, സി (3x5 =15 ലക്ഷം ) എ-ബി, ബി-എ, എ-സി, സി-എ, ബി.-സി, സി- ബി, (6X5=30) എങ്ങനെ പല തരത്തിൽ ജോയന്റ് അക്കൗണ്ടുകളുള്ള തുകക്ക് വ്യത്യസ്ത കവറേജ് കിട്ടും. ഇങ്ങനെയുള്ള വ്യത്യസ്ത ജോയന്റ് അക്കൗണ്ടുകൾ വെവ്വേറെ ആയി ആണ് ഇൻഷുറൻസ് പരിരക്ഷക്കു വേണ്ടി കണക്കാക്കുന്നത് .
ഇതേ മോഡല്‍ മറ്റു ബാങ്കുകളിലും ആവര്‍ത്തിക്കാം. ഇങ്ങനെ ഒരേ ബാങ്കില്‍ പല ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങുന്നതിനും അല്ലെങ്കില്‍ വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങള്‍ നടത്തുന്നതിനും യാതൊരു നിയമ തടസ്സങ്ങളും ഇല്ല. പക്ഷെ, ഇത്തരം നിക്ഷേപങ്ങളുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കണം എന്ന് മാത്രം. ഇടത്തരം വരുമാനമുള്ള പ്രവാസികള്‍ കുടുംബത്തോടെ വിദേശങ്ങളിൽ താമസിക്കുന്നത് കൊണ്ട് മുകളില്‍ പറഞ്ഞ രീതിയില്‍ അക്കൗണ്ട് തുടങ്ങാം. അല്ലെങ്കില്‍ തന്നെ, ഫെമ നിയമം അനുസരിച്ചു പ്രവാസിക്ക് നിബന്ധനകള്‍ക്ക് വിധേയമായി നാട്ടിലെ ഏറ്റവും അടുത്ത ബന്ധുക്കളുമായി ചേര്‍ന്ന് ജോയന്റ് അക്കൗണ്ട് ഓപണ്‍ ചെയ്യാന്‍ വ്യവസ്ഥ ഉണ്ട്.
ഡി.ഐ.സി.ജി.സി യുടെ വെബ്സൈറ്റിൽ ( https://www.dicgc.org.in/insured-banks) അംഗങ്ങളായിട്ടുള്ള ബാങ്കുകളെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ഇത് പരിശോധിക്കാം.കേരളത്തിലെ പ്രൈമറി കോ -ഓപറേറ്റീവ് സൊസൈറ്റികള്‍ , ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ , കെ.എസ്.എഫ്.ഇ പോലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിലുള്ള നിക്ഷേപങ്ങള്‍ ഈ ഗാരന്റി സ്കീമില്‍ ഉള്‍പ്പെടുന്നില്ല. മേൽപറഞ്ഞ രീതിയില്‍ നിക്ഷേപങ്ങള്‍ പരമാവധി സുരക്ഷ ഉറപ്പാക്കുന്നത് നിക്ഷേപകനു മറ്റു ചിലവുകള്‍ ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നിരിക്കുന്ന ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുന്നതു അഭികാമ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡി.ഐ.സി.ജി.സിയുടെ വെബ്സൈറ്റ് സന്ദർശിക്കാം..
(തുടരും)
(ഒമാനിലെ ഗ്ലോബല്മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസറാണ് ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.