മസ്കത്ത്: രാജ്യത്തെ കായിക രംഗത്തിനു പുതിയ മുഖവുമായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിനു കീഴിൽ ‘ഹോക്കി ഒമാൻ’ എന്ന് പേരിട്ടിരിക്കുന്ന സംയോജിത സമുച്ചയം മസ്കത്തിൽ ഒരുങ്ങി. ഏകദേശം 5,000ത്തിലധികം കാണികളെ ഉൾക്കൊള്ളിക്കാൻ സ്റ്റേഡിയത്തിനു കഴിയും. എല്ലാ സീറ്റുകളും നീക്കം ചെയ്ത് മറ്റു സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗീകരിച്ച ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കും ഡിസൈനുകൾക്കും അനുസൃതമായാണ് സംയോജിത സമുച്ചയം നിർമിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഈ സമുച്ചയത്തിൽ അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചു രൂപകൽപന ചെയ്ത രണ്ടു കളിസ്ഥലങ്ങളാണുള്ളത്. കൂടാതെ മറ്റു പരിശീലന സ്ഥലങ്ങൾ, ഓഫിസുകൾ, ഫസ്റ്റ് എയ്ഡ് റൂമുകൾ, റഫറിമാരുടെ മുറികൾ, സുരക്ഷാ സേവനത്തിന്റെ ഓഫിസുകൾ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുന്നു.
പുതിയ പദ്ധതി ഒമാന്റെ ഹോക്കി ചാമ്പ്യൻഷിപ്പിനു സഹായകമാകുമെന്നും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഹോക്കി ഗെയിമുകൾക്കു സേവനം നൽകുമെന്നും പ്രതീക്ഷിക്കുന്നതായി കായിക യുവജന സാംസ്കാരിക, കായിക യുവജന മന്ത്രാലയം അണ്ടർസെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസ് പറഞ്ഞു. ‘ഹോക്കി ഒമാൻ’ പദ്ധതി ഒമാൻ കായിക ചരിത്രത്തിലെ ഗുണപരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ ബോർഡ് ചെയർമാൻ ഡോ. മർവാൻ ബിൻ ജുമാ അൽ ജുമാ പറഞ്ഞു. 2024ലെ സമ്മർ ഒളിമ്പിക് ഗെയിംസിന് മുന്നോടിയായി പാരീസിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക ഈ സമുച്ചയമായിരിക്കും. ജനുവരി 15 മുതൽ 21 വരെ നടക്കുന്ന മത്സരങ്ങളിൽ എട്ടു അന്താരാഷ്ട്ര ടീമുകൾ മാറ്റുരക്കും. ഇതിൽനിന്ന് മൂന്നു ടീമുകൾ അടുത്ത ഒളിമ്പിക്സിന് യോഗ്യത നേടും. ജനുവരിയിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പ് മത്സരങ്ങളും ഇവിടെ അരങ്ങേറും. 24 മുതൽ 31വരെയായിരിക്കും മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.