‘ടൂര്‍ ഓഫ് ഒമാന്’ ഇന്ന് മത്ര  കോര്‍ണിഷില്‍ സമാപനം

മസ്കത്ത്: ഈ വര്‍ഷത്തെ ‘ടൂര്‍ ഓഫ് ഒമാന്‍’ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിന് ഇന്ന് സമാപനം. ആറു ഘട്ടങ്ങളിലായി 885 കിലോമീറ്റര്‍ പിന്നിട്ട് മത്ര കോര്‍ണിഷിലാണ് മത്സരാര്‍ഥികള്‍ ഫിനിഷ് ചെയ്യുക. സമാപന പരിപാടികളും മത്രയില്‍ തന്നെയാണ്. 
സീബ് വിലായത്തിലെ വേവ് മസ്കത്ത് പ്രഫഷനല്‍ ട്രെയിനിങ് സെന്‍റര്‍ റൗണ്ട് എബൗട്ട് മുതല്‍ മത്ര കോര്‍ണിഷ് വരെ 131 കിലോമീറ്ററാണ് അവസാനഘട്ടത്തിലുള്ളത്. 
മത്ര മസ്കത്ത് ഗേറ്റിലെ ജലധാരകള്‍ക്ക് സമീപത്തെ പാര്‍ക്കിങ് മേഖലയിലാണ് മത്സരത്തിന്‍െറ ഫിനിഷിങ് പോയന്‍റ്. രാവിലെ 11നാണ് മത്സരം ആരംഭിക്കുക. ഉച്ചക്ക് 2.31ന് സമാപിക്കും. മത്സരാര്‍ഥികള്‍ കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിലും ഉപറോഡുകളിലും പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. 
ഇരട്ടപാതകളില്‍ മത്സരാര്‍ഥികള്‍ സഞ്ചരിക്കുന്ന ദിശയിലേക്കുള്ള ഗതാഗതം തടസ്സപ്പെടും. മത്സരാര്‍ഥികള്‍ ഒരു നിശ്ചിത ദൂരം പിന്നിട്ടാലുടന്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് ആര്‍.ഒ.പി അറിയിച്ചു. സുമൈല്‍ മുതല്‍ ജബല്‍ അല്‍ അക്തര്‍ വരെയുള്ള അഞ്ചാം ഘട്ടമാണ് ശനിയാഴ്ച പൂര്‍ത്തിയായത്. മത്സരത്തിന്‍െറ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്ന് വിലയിരുത്തുന്ന ഇതില്‍ ഒന്നാമതത്തെിയ ബെല്‍ജിയന്‍ താരമായ ബെന്‍ ഹെര്‍മാന്‍സ് കിരീട സാധ്യത നിലനിര്‍ത്തി. ഫാബിയോ അറുവാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 
ആദ്യ നാലു സ്റ്റേജുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജേക്കബ് ഫ്യുഗല്‍സാങ് ആണ് അഞ്ചാം ഘട്ടത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. ഇന്ന് നടക്കുന്ന അവസാനഘട്ടത്തില്‍ കൂടി മേധാവിത്വം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഹെര്‍മന്‍സിന് തന്‍െറ കരിയറിലെ ആദ്യ ടൂര്‍ ഓഫ് ഒമാന്‍ കിരീടം കൈപ്പിടിയിലൊതുക്കാന്‍ സാധിക്കും.  
2010 ല്‍ ആരംഭിച്ച ‘ടൂര്‍ ഓഫ് ഒമാന്‍’ മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായാണ് നടത്തുന്നതെങ്കിലും ഒമാന് അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത മത്സരയിനമാണിത്. ഇറ്റലിക്കാരനായ വിസന്‍സോ നിബാലി ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാവ്. 

Tags:    
News Summary - hermans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.