ഒമാനിൽ ഉഷ്ണതരംഗം പിടിമുറുക്കുന്നു; അഞ്ചിടങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 48° C രേഖപ്പെടുത്തി

മസ്‌കത്ത്: ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗം പിടിമുറുക്കുന്നു. മസ്‌കത്ത്, ഖാബൂറ, സുവൈഖ്, ബർക, വാദി അൽ മആവിൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷണൽ മൾട്ടി-ഹസാർഡ് എർളി വാർണിംഗ് സെന്റർ അറിയിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. ജൂൺ 2 ഉച്ചക്ക് 12.40 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്. ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർജലീകരണം തടയാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. ഒമാനിലെ ഉഷ്ണതരംഗത്തിന് പിന്നിൽ പ്രധാനമായും മുകളന്തരീക്ഷത്തിലെ ഉയർന്ന മർദ്ദ സംവിധാനമാണെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. ഇതിന്റെ ഫലമായി മേഘാവരണം കുറയുകയും സൂര്യപ്രകാശം നേരിട്ട് ഭൂമിയിലെത്തുകയും ചെയ്യുന്നതിനാലാണ് താപനില കുത്തനെ ഉയരുന്നത്.

വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റുകളും പ്രദേശിക ഭൂമിശാസ്ത്ര ഘടകങ്ങളും താപനില വർധിക്കാൻ കാരണമായിട്ടുണ്ട്. അതേസമയം ഒമാനിലെ മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മുതൽ പൊടിക്കാറ്റുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മസ്‌കത്തിനും ദുഖമിനും ഇടയിലുള്ള മരുഭൂമികളിലും ഉൾപ്രദേശങ്ങളിലും പൊടിക്കാറ്റ് ബാധിക്കാനിടെയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

Tags:    
News Summary - Heatwave tightens grip on Oman; country’s highest temperature of 48°C recorded in five locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.