ജയസൂര്യ ഗൂബ്രയിലെ വീട്ടു വളപ്പിലെ കൃഷിയിടത്തിൽ // ഫോട്ടോ സുഹാന ഷെമീം
മസ്കത്ത്: കാലാവസ്ഥ അനുകൂലമായതോടെ ഒമാനിൽ പ്രവാസികൾ അടക്കമുള്ളവർ കൃഷിപ്പണികളിൽ സജീവമായി. സെപ്റ്റംബർ മുതൽ മണ്ണൊരുക്കം നടത്തി തികച്ചും ശാസ്ത്രീയമായാണ് പ്രവാസി വീട്ടമ്മമ്മാർ അടക്കം ഉള്ളവർ കാർഷികവൃത്തിയിൽ ഏർപ്പെടുന്നത്. എന്നാൽ, മണ്ണ് ഉപയോഗിക്കാതെയുള്ള ഹൈഡ്രോപോണിക്സ് കൃഷി രീതിയും ഇപ്പോൾ ജനകീയമാണ്. ഗൂബ്രയിൽ താമസിക്കുന്ന വാസവൻ ജയസൂര്യയും ഭാര്യ ഡോ. സ്വപ്നയും ഹൈഡ്രോപോണിക്സ് കൃഷിയുടെ വിളവെടുപ്പ് തിരക്കിലാണ്. ഓർഗാനിക്-നോൺ ഓർഗാനിക്ക് രണ്ടു രീതിയിൽ ഉള്ള കൃഷി രീതികളും ഇവർ പരീക്ഷിക്കുന്നു. സഫാറോൺ ( കുങ്കുമപ്പൂവ്), മിന്റ്, മുന്തിരി, കരിമ്പ്, കസ്തൂരി, വേപ്പ്, മല്ലി, പടവലം തുടങ്ങി സവിശേഷമായ എല്ലാം കൃഷി ചെയുന്ന സ്ഥലമാണ് ഇവരുടെ കൊച്ചു വീട്. മണ്ണിലല്ലാതെ, ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്. വെള്ളത്തിലുള്ള ന്യൂട്രിയൻസാണ് ഈ ചെടികൾ വളരാൻ സഹായിക്കുന്നത്. സാധാരണ കൃഷി രീതിയിൽ മണ്ണിൽനിന്നും രാസഘടകങ്ങൾ വലിച്ചെടുക്കാൻ സമയം എടുക്കും.
എന്നാൽ, ഹൈഡ്രോപോണിക് രീതിയിൽ ചെടികളിലേക്ക് രാസഘടകങ്ങൾ നേരിട്ട് നൽകുന്നതുകൊണ്ട് തന്നെവളരെ വേഗം വളരുകയും ഫലപ്രാപ്തി ഉണ്ടാവുകയും ചെയും. സാധരണ കൃഷിരീതിയിൽനിന്നും ലഭിക്കുന്നതിെൻറ പത്തിരട്ടി ഫലം എങ്കിലും ഹൈഡ്രോപോണിണിക്കിലൂടെ ലഭിക്കുമെന്നാണ് ജയസൂര്യ പറയുന്നത്. ഒമാനിലെ കാലാവസ്ഥ രീതികൾ അനുസരിച്ച് രണ്ടോ, മൂന്നോ മാസം ഒഴികെ ബാക്കി എല്ലാ സമയത്തും ഈ കൃഷി ചെയ്യാം. വെള്ളം സമയത്തിനു മാറ്റുകയും അതോടൊപ്പം മൂലകങ്ങൾ സമയാസമയങ്ങളിൽ ചേർക്കുകയും ചെയ്താൽ ഒരു വർഷത്തേക്ക് ഒരു കുടുബത്തിനു ആവശ്യമായ പച്ചക്കറികൾ ലഭിക്കും. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന കാലഘട്ടം ആണ് വരാൻ പോകുന്നത്. ആകെ നമുക്ക് ലഭിക്കുന്ന വളരെ കുറഞ്ഞ ശുദ്ധ ജലത്തിൽനിന്നാണ് കാർഷിക വൃത്തിക്കും വെള്ളം എടുക്കുന്നത്. ഹൈഡ്രോപോണിക്ക്സ് കൃഷി രീതിയിലേക്ക് മാറുന്ന പക്ഷം ഇപ്പോൾ കാർഷികവൃത്തിക്ക് ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ എൺപതു ശതമാനത്തോളം നമുക്ക് ലാഭിക്കുവാൻ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.