മസ്കത്ത്: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി ജി.സി.സി തലത്തിൽ ആവിഷ്‍കരിച്ച ‘പർപ്പിൾ സാറ്റർഡേ’ പദ്ധതിയുടെ ആചരണം ജൂലൈ 25ന് നടക്കും. എ ഡേ വിത്ത് എ ലാസ്റ്റിങ് ഇംപാക്ട് എന്ന പ്രമേയത്തിലാണ് ഒമാനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ പർപ്പിൾ സാറ്റർഡേ ആചരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യനീതി ഉറപ്പാക്കുക, പൊതു-സ്വകാര്യ മേഖലകളിൽ അവർക്കായി കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുക, സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുക എന്നിവയാണ് ചരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എല്ലാ വർഷവും ജൂലൈ മാസത്തിലെ അവസാനത്തെ ശനിയാഴ്ചയാണ് ജി.സി.സി രാജ്യങ്ങളിൽ ഈ ദിനമായി ആചരിക്കുന്നത്. വ്യാപാരികൾ, സേവന ദാതാക്കൾ, വിനോദസഞ്ചാര സ്ഥാപനങ്ങൾ എന്നിവർ ഭിന്നശേഷിക്കാർക്കായി പ്രത്യേക ആനുകൂല്യങ്ങളും തടസ്സമില്ലാത്ത സേവനങ്ങളും ഈ ദിവസം ഒരുക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും അന്തസ്സിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഗോളതലത്തിൽ ഉപയോഗിക്കുന്ന പർപ്പിൾ നിറമാണ് ഈ പദ്ധതിയുടെ ഔദ്യോഗിക അടയാളമായി സ്വീകരിച്ചിരിക്കുന്നത്.
ജിസിസി തലത്തിൽ 2021-ലാണ് ഈ കാമ്പയിൻ ആദ്യമായി ആരംഭിച്ചത്. എല്ലാവർക്കും തുല്യാവസരങ്ങൾ ഉറപ്പുനൽകുന്ന ഒരു ഇൻക്ലൂസീവ് സമൂഹം കെട്ടിപ്പടുക്കുക എന്ന ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പദ്ധതി. . ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിന് സ്വകാര്യ മേഖലക്ക് വലിയ പങ്കുണ്ടെന്ന് ഭിന്നശേഷി ശാക്തീകരണ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ അദ്നാൻ മുസ്തഫ അൽ ഫാർസി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും സന്നദ്ധ സംഘടനകളും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ഒരു വേദിയായി പർപിൾ ഡേ ആചരണം മാറും. ഇതിലൂടെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സാമ്പത്തിക-സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.