മസ്കത്ത്: ഒമാനിൽ നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് രജിസ്ട്രേഷന് നടപടികൾ ബുധനാഴ്ച അവസാനിക്കും. ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒരുക്കിയ ഇലക്ട്രോണിക് വെബ്സൈറ്റില്‍ സെപ്റ്റംബർ 23 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ 38933 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 18 വയസ്സിന് മുകളിലുള്ള ഒമാൻ പൗരന്മാർക്കും താമസക്കാർക്കും www.hajj.om എന്ന ഔദ്യോഗിക പോർട്ടലിലൂടെയായിരുന്നു രജിസ്ട്രേഷന് സൗകര്യമൊരുക്കിയിരുന്നത്.
ഇലക്ട്രോണിക് ഓതന്റിക്കേഷൻ സിസ്റ്റവുമായി (പി.കെ.ഐ) ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ സിവിൽ നമ്പർ, ഐഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. സമയപരിധിക്ക് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഹജ്ജിന് അനുമതി ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കും.
സൗദി അധികാരികൾ അനുവദിച്ച ക്വാട്ടയെ അടിസ്ഥാനമാക്കി മുൻഗണന അനുസരിച്ചായിരിക്കും നറുക്കെടുപ്പ്. മൂന്ന് ഘട്ടങ്ങളിലായാണ് അര്‍ഹത നേടുന്നവരെ തെരഞ്ഞെടുക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 14 മുതല്‍ 30 വരെയും രണ്ടാം ഘട്ടം ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയും മൂന്നാം ഘട്ടം നവംബര്‍ ഒമ്പത് മതുല്‍ 11 വരെയുമായിരിക്കും. കഴിഞ്ഞ വര്‍ഷം 14,000 ആയിരുന്നു ഒമാനില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട.
ഇതില്‍ 470 വിദേശികള്‍ക്കും അവസരം ലഭിച്ചിരുന്നു. ഇത്തവണ എത്ര വിദേശികള്‍ക്ക് അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അറബ് രാജ്യക്കാരായ പ്രവാസികള്‍ക്ക് 235ഉം മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 235ഉം ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ക്വാട്ട.
അതേസമയം, കാഴ്ചവൈകല്യമോ ശാരീരികവൈകല്യമോ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കൂടെ ആളുകളെ അനുവദിക്കും. ഇലക്ട്രോണിക് സംവിധാനത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാകും അവരെ തെരഞ്ഞെടുക്കുക. അന്വേഷണങ്ങള്‍ക്കും മറ്റുവിവരങ്ങള്‍ക്കും മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ 80008008ൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.