ദോഫാറിലെ നജ്ദിൽ ഗോതമ്പ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചപ്പോൾ

കൃഷി-മത്സ്യബന്ധന- ജല വിഭവ മേഖലയിൽ വളർച്ച

മസ്കത്ത്: ഒമാനിൽ ഭക്ഷ്യസുരക്ഷയും വിഭവങ്ങളുടെ സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ സ്ഥിരമായ പുരോഗതി കൈവരിക്കുന്നതായി കൃഷി-മത്സ്യബന്ധനം- ജല വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. 2025-ൽ കൈവരിച്ച പ്രധാന നേട്ടങ്ങളും നടപ്പു വർഷത്തിനായുള്ള പദ്ധതികളും മസ്‌കത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രാലയം അവതരിപ്പിച്ചു. രാജ്യത്തിന്റെ പരിസ്ഥിതി-കാലാവസ്ഥ വൈവിധ്യം കൃഷി മേഖലയിലെ വളർച്ചക്ക് അനുകൂലമായി തുടരുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 7.5 ശതമാനം കൃഷിയോഗ്യമായ ഭൂമിയായി കണക്കാക്കപ്പെടുന്നുണ്ട്. രാജ്യത്തെ ആകെ കൃഷിയിടങ്ങൾ 355,000 ഫെദ്ദാൻ (ഒരു ഫെദ്ദാൻ ഏകദേശം 1.038 ഏക്കർ) ആണ്. 2024 അവസാനത്തോടെ കൃഷിചെയ്യുന്ന ഭൂമി ഏകദേശം 312,000 ഫെദ്ദാനായി ഉയർന്നതായും കണക്കുകൾ രേഖപ്പെടുത്തുന്നു.

സസ്യ ഉൽപാദന മേഖലയിൽ ഒമാൻ ശക്തമായ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് വകുപ്പു മന്ത്രി ഡോ. സഊദ് ബിൻ ഹമൂദ് അൽ ഹബ്സി പറഞ്ഞു. 26 ഗവേഷണ കേന്ദ്രങ്ങളും സ്റ്റേഷനുകളും നഴ്സറികളും, കൂടാതെ 21 കാർഷിക ക്വാറന്റൈൻ കേന്ദ്രങ്ങളും ഈ മേഖലയെ പിന്തുണയ്ക്കുന്നു. കന്നുകാലി മേഖലയിലും പുരോഗതി രേഖപ്പെടുത്തി. വടക്കൻ-തെക്കൻ ഒമാനിലായി ഏകദേശം 3.2 ദശലക്ഷം ഫെദ്ദാൻ പ്രകൃതിദത്ത മേച്ചിൽ പ്രദേശങ്ങളുണ്ടെന്നും ആകെ കന്നുകാലികളുടെ എണ്ണം 40 ലക്ഷം കടന്നതായും മന്ത്രി വ്യക്തമാക്കി. ഗ്രാമീണ ജീവിതോപാധികളും ആഭ്യന്തര ഭക്ഷ്യവിതരണവും നിലനിർത്തുന്നതിൽ ഈ മേഖല നിർണായക പങ്കുവഹിക്കുന്നു.

മത്സ്യബന്ധന വിഭവങ്ങൾ രാജ്യത്തിന്റെ പ്രധാന സമ്പത്തായി തുടരുന്നു. ഒമാനിലെ സമുദ്രജലങ്ങളിൽ സമ്പന്നമായ മത്സ്യസമ്പത്തും സമുദ്രജീവജാല വൈവിധ്യവും നിലനിൽക്കുന്നുണ്ട്. 24 മത്സ്യബന്ധന തുറമുഖങ്ങളും തീരപ്രദേശങ്ങളിലുടനീളം നിരവധി ലാൻഡിങ് കേന്ദ്രങ്ങളും വിതരണ ശൃംഖലയും വിപണിയും ശക്തിപ്പെടുത്തുന്നു.മത്സ്യ വിപണന അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 62 മത്സ്യ മാർക്കറ്റുകളും 1,220 ചില്ലറ വിൽപന കേന്ദ്രങ്ങളും നിലവിലുണ്ട്. കൂടാതെ 119 മത്സ്യസംസ്‌കരണ പ്ലാന്റുകളും പ്രവർത്തിക്കുന്നു.

ജല വിഭവ മേഖലയിൽ, ഒമാനിൽ ദിവസേന 8,335.5 ഘനമീറ്റർ ഉൽപാദന ശേഷിയുള്ള 89 ബോട്ടിൽഡ് വാട്ടർ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്ത് അതിനെ കുടിവെള്ളമായോ കൃഷിക്കാവശ്യമായ ശുദ്ധജലമായോ മാറ്റുന്ന, 455.36 ദശലക്ഷം ഘനമീറ്റർ ഉൽപാദന ശേഷിയുള്ള 92 പ്രധാന ഡിസാലിനേഷൻ പ്ലാന്റുകളും 119.5 ദശലക്ഷം ഘനമീറ്റർ ശേഷിയുള്ള 67 മലിനജല ശുദ്ധീകരണ പ്ലാന്റുകളും രാജ്യത്ത് പ്രവർത്തിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 12 മുനിസിപ്പൽ ലാബുകൾ ഉൾപ്പെടെ 35 ലാബുകൾ ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും നിരീക്ഷിച്ചുവരുന്നു. 

ദോഫാറിലെ നജ്ദിൽ ഗോതമ്പ് കൊയ്ത്ത് ആരംഭിച്ചു

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ അൽ നജ്ദ് പ്രവിശ്യയിൽ ഗോതമ്പ് കൊയ്ത്ത് ആരംഭിച്ചു. ഗവർണറേറ്റിലെ കാർഷിക, മത്സ്യബന്ധന, ജലവിഭവ ഡയറക്ടറേറ്റ് ജനറലിന്റെ മേൽനോട്ടത്തിലാണ് വിളവെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്.ദോഫാർ ഗവർണറേറ്റിൽ 51 കൃഷിയിടങ്ങളിലായി ഏകദേശം 6,408 ഫെദ്ദാൻ വിസ്തൃതിയിൽ ഗോതമ്പ് കൃഷി ചെയ്തിട്ടുണ്ട്. ഈ സീസണിൽ ഏകദേശം 8,000 ടൺ ഗോതമ്പ് ഉൽപാദനം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. അൽ നജ്ദ് മേഖലയിലെ കർഷകർക്ക് സബ്സിഡി നിരക്കിൽ ഗോതമ്പ് വിത്തുകൾ വിതരണം ചെയ്തിരുന്നു. കൂടാതെ കൊയ്ത്ത് യന്ത്രങ്ങൾ സൗജന്യമായി നൽകുകയും ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുടെ സഹകരണത്തോടെ ഗോതമ്പ് ശേഖരണ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്തുവരുന്നുണ്ട്.

ഒമാൻ സുൽത്താനേറ്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗോതമ്പ് കൃഷിക്ക് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. ഏകദേശം 8,000 ഏക്കറിലധികം സ്ഥലത്താണ് സുലത്താനേറ്റി ഗോതമ്പ് കൃഷി നടക്കുന്നത്. ദോഫാറിനു പുറമെ, വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് കൃഷി വ്യാപകമായി നടത്തിവരുന്നുണ്ട്. ദാഹിറയാണ് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന മേഖല. ദാഖിലിയയിൽ ആദം ഉൾപ്പെടെയുള്ള മേഖലകളിലും കൃഷിയുണ്ട്. മികച്ച വിളവ് ലഭിക്കുന്ന ഗവർണറേറ്റാണ് ബുറൈമി.

വടക്കൻ ശർഖിയയിലെ കാലാവസ്ഥയും ഗോതമ്പ് കൃഷിക്ക് അനുയോജ്യമാണ്. 2024-25 കാലയളവിൽ ഒമാനിലെ ഗോതമ്പ് ഉൽപാദനം 10,000 ടണ്ണിന് മുകളിൽ എത്തിയിരുന്നു. നിലവിൽ ഉൽപാദിപ്പിക്കുന്ന ഗോതമ്പിന്റെ വിപണി മൂല്യം ഏകദേശം 30 ലക്ഷത്തിലേറെ ഒമാനി റിയാലാണ്. സാധാരണയായി നവംബർ മാസത്തിൽ ആരംഭിച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഗുണമേന്മയുള്ള വിത്തുകളുടെ വിതരണവും ആധുനിക കൃഷി രീതികളിൽ പരിശീലനവും കൃഷി മന്ത്രാലയം നൽകിവരുന്നുണ്ട്.

Tags:    
News Summary - Growth in the agriculture-fishery-water resources sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.