മസ്കത്ത്: രാജ്യത്തിന്റെ നഗരവികസന കർമപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഗ്രേറ്റർ മസ്കത്ത്, ഗ്രേറ്റർ സലാല എന്നിവ ഉൾപ്പെടുത്തുമെന്ന് ഭവന-നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ശുഐലി പറഞ്ഞു.ഗ്രേറ്റർ നിസ്വ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ഉടൻ പൂർത്തിയാക്കും. അതിനുശേഷമാണ് ഗ്രേറ്റർ മസ്കത്ത്, ഗ്രേറ്റർ സലാല എന്നിവയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.ആധുനിക നഗരവികസന പദ്ധതികൾക്കായി മൂന്നുകോടി മുതൽ നാലുകോടി വരെ ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കും.
മസ്കത്ത് ഗവർണറേറ്റ്, ദോഫാർ ഗവർണറേറ്റിലെ സലാല, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സോഹാർ എന്നിവിടങ്ങളിലാണ് ഇത്രയും ഭൂമി അനുവദിക്കുക. ആധുനിക നഗരവികസനവും അനുബന്ധ സേവന പദ്ധതികൾക്കുമാണ് ഇത് മാറ്റിവെക്കുക. ഈവർഷം ഇതുവരെ 23,000 പ്ലോട്ടുകൾ വിതരണം ചെയ്തു.സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് മന്ത്രാലയം പ്രാമുഖ്യം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് ഫിനാൻസിങ് സംബന്ധിച്ച് കൂടുതൽ പരിപാടികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിങ് മേഖലയുമായി ചർച്ചകൾ നടന്നുവരുകയാണ്. ബർകയിലെ സുറൂഹ് ഇന്റഗ്രേറ്റഡ് റസിഡൻഷ്യൽ നെയ്ബർഹുഡ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ 60 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.അടുത്ത വർഷം പകുതിയോടെ ഇത് പൂർണമായും നടപ്പാക്കും. ഇതിന്റെ രണ്ടാംഘട്ടം അമിറാത്, ബിഡ്ബിഡ്, ഹൽബാൻ എന്നീ വിലായത്തുകളിലാണ് നടപ്പാക്കുക. അമിറാത്തിൽ ആയിരം ഹൗസിങ് യൂനിറ്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ സൂർ, റുസ്താഖ്, സലാല, സോഹാർ, ഖസബ് എന്നീ വിലായത്തുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് വർഷം കൊണ്ട് 30 വിലായത്തുകളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന ഫ്യൂചർ സിറ്റീസ് പ്രോഗ്രാമിൽ 60,000 ഹൗസിങ് യൂനിറ്റുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മസ്കത്തിലേത് മാത്രം ഒന്നരക്കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 23,000 ഹൗസിങ് യൂനിറ്റുകൾ ഉണ്ട്. പദ്ധതി രൂപരേഖയുടെ 80 ശതമാനവും പൂർത്തിയായിട്ടുണ്ടെന്നും ഉടൻ അന്തിമരൂപം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.