സ്വിസ് വിദേശ കാര്യ മന്ത്രി ഇഗ്നാസിയോ കാസിസ്, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി

യു.എസ് -ഇറാൻ ആണവ ചർച്ച; ഒമാനും സിറ്റ്സർലൻഡും സംയുക്ത നയതന്ത്ര പ്രവർത്തനം തുടരും

മസ്‌കത്ത്: ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന യു.എസ്- ഇറാൻ ചർച്ചക്ക് പിന്നാലെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സ്വിസ് ഫെഡറൽ കൗൺസിൽ ഉപാധ്യക്ഷനും വിദേശകാര്യ മന്ത്രിയുമായ ഇഗ്നാസിയോ കാസിസും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇറാൻ-അമേരിക്ക ചർച്ചകളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്കും ആലോചനകൾക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആവശ്യമായ ലോജിസ്റ്റിക് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതിൽ സ്വിസ് ഭരണകുടം നടത്തിയ പരിശ്രമങ്ങൾക്ക് മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദിയും അഭിനന്ദനവും അറിയിച്ചു.

നിലവിലുള്ള മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സംബന്ധിച്ചും അവ വിജയകരമായി പൊതുലക്ഷ്യങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ടും ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഒമാൻ സുൽത്തനേറ്റും സ്വിറ്റ്സർലൻഡും തമ്മിലുള്ള സഹകരണ മനോഭാവത്തെ ഇരുവിഭാഗവും പ്രശംസിച്ചു. പരസ്പര താൽപര്യങ്ങൾ മാനിക്കുന്നതും പ്രാദേശിക സ്ഥിരതക്കും സുരക്ഷക്കും പിന്തുണ നൽകുന്നതുമായ സംയുക്ത പ്രവർത്തനം തുടരാനുള്ള പ്രതിബദ്ധതയും ഇരുകൂട്ടരും ആവർത്തിച്ചു.

വ്യാഴാഴ്ച ജനീവയിലെ ഒമാൻ അംബാസഡറുടെ വസതിയിലായിരുന്നു ഇറാൻ- യു.എസ് ചർച്ച. യു.എസ് പ്രത്യേക പ്രതിനിധികളായ ജാരദ് കുഷ്നർ, സ്റ്റീവ് വിറ്റ്‌കോഫ്, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുക, ഇറാനെതിരായ ഉപരോധങ്ങൾ നീക്കുക, മേഖലയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷം ലഘൂകരിക്കുക എന്നിവയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യങ്ങൾ. ചർച്ചകൾക്ക് ശേഷം ഇരുവിഭാഗവും താൽക്കാലികമായി പിരിഞ്ഞു. ചർച്ചയിൽ ക്രിയാത്മകമായ ആശയങ്ങൾ കൈമാറിയെന്നും ചർച്ചകൾ പിന്നീട് പുനരാരംഭിക്കുമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തഘട്ട ചർച്ച വിയന്നയിലായിരിക്കുമെന്നാണ് റിപ്പോർട്ട്.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടിയും സംഘർഷഭരിതമാക്കിയ സാഹചര്യത്തിന് ശേഷം ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിലെ ചർച്ച തടസ്സപ്പെട്ടിരുന്നു. ഒമാന്റെ മധ്യസ്ഥതയിൽ ഈ മാസം ആദ്യത്തിലാണ് ചർച്ച പുനരാരംഭിച്ചത്. മസ്കത്തിൽ നടന്ന ആറാം ഘട്ട ചർച്ചയിൽ ശുഭകരമായ തുടക്കമാണുണ്ടാതെന്ന് ഇറാനും വളരെ നല്ലരീതിയിൽ ചർച്ച നടന്നതായി അമേരിക്കയും പ്രതികരിച്ചിരുന്നു. മസ്കത്തിൽ നടന്ന ചർച്ചയിൽ മധ്യേഷ്യൻ സൈനിക മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറെ പങ്കെടുപ്പിച്ചതും അമേരിക്കയുടെ സമ്മർദ തന്ത്രമായി വിലയിരുത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജരെഡ് കുഷ്നർ എന്നിവർക്കൊപ്പം യു.എസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) കമാൻഡർ ബ്രാഡ് കൂപ്പർ സൈനിക യൂണിഫോമിലാണ് അന്ന് ചർച്ചയിൽ പ​ങ്കെടുത്തത്. നിലവിൽ അമേരിക്കയുടെ രണ്ട് പടക്കപ്പൽ വ്യൂഹം ഒമാൻ കടലിൽ കഴിയുന്നുണ്ട്. 

Tags:    
News Summary - US-Iran nuclear talks; Oman and Switzerland to continue joint diplomatic work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.