സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ഒമാൻ താരങ്ങൾ,കുവൈത്തിനായി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ടീമംഗങ്ങൾ
മസ്കത്ത്: ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ രണ്ടാം ജയം തേടി ആതിഥേയരായ ഒമാൻ തിങ്കളാഴ്ച വീണ്ടും കളത്തിലിറങ്ങുന്നു. ഒമാനെ പോലെ ഒരു ജയവും ഒരു തോൽവിയും ക്രെഡിറ്റിലുള്ള ബഹ്റൈനാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ യു.എ.ഇയോട് തോൽവി വഴങ്ങുകയും രണ്ടാം മത്സരത്തിൽ സൗദിയെ പരാജയപ്പെടുത്തുകയും ചെയ്ത ഒമാന് ചാമ്പ്യൻഷിപ്പിൽ മുന്നേറണമെങ്കിൽ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
അതേസമയം, ആദ്യ മത്സരത്തിൽ സൗദിയെ തോൽപിച്ച ബഹ്റൈൻ രണ്ടാം മത്സരത്തിൽ കുവൈത്തിനോട് തോൽക്കുകയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടമാകും ഒമാൻ- ബഹ്റൈൻ മത്സരം. നിലവിൽ രണ്ടു സൂപ്പർ ജയങ്ങളോടെ യു.എ.ഇയും കുവൈത്തുമാണ് പോയന്റ് പട്ടികയിൽ മുന്നിൽ. രണ്ടു കളിയിൽനിന്ന് ഇരു ടീമിനും നാല് പോയന്റ് വീതമുണ്ട്. ഒരോ മത്സരം ജയിച്ച ഒമാനും ബഹ്റൈനും രണ്ടു പോയന്റ് വീതം നേടി. രണ്ടു കളികളിൽ തോൽവിയറിഞ്ഞ സൗദിയും ഖത്തറും പട്ടികയിൽ പിന്നിലാണ്. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ശനിയാഴ്ച രാത്രി നടന്ന മൂന്നാം മത്സരത്തിൽ ബഹ്റൈനെതിരെ ഏഴു വിക്കറ്റിന്റെ ജയം നേടിയാണ് കുവൈത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് കുറിച്ചു. ചേസ് ചെയ്ത കുവൈത്ത് അതേ നാണയത്തിൽ തിരിച്ചടിച്ച് 12.5 ഓവറിൽ വിജയ റൺ തൊട്ടു. 29 പന്തിൽ നാല് ഫോർ സഹിതം 36 റൺസെടുത്ത ക്യാപ്റ്റൻ ദീപിക രസംഗികയാണ് ടോപ് സ്കോറർ. തരംഗ ഗജനായകെ 24 ഉം പൂർവജ ജഗദീഷ 22 ഉം റൺ നേടി. കുവൈത്ത് നിരയിൽ ഓപണിങ് കൂട്ടുകെട്ടിൽ 89 റൺസ് ചേർത്ത സീഫ ജീലാനി (29 പന്തിൽ 48), അംന താരിഖ് (37 പന്തിൽ 29 ) എന്നിവരാണ് കുവൈത്തിനെ ജയത്തിലേക്ക് നയിച്ചത്. ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് തിങ്കളാഴ്ച രാവിലെ 9.30ന് ഒമാൻ ബഹ്റൈനെയും ഉച്ചക്ക് രണ്ടിന് ഖത്തർ സൗദിയെയും വൈകീട്ട് 6.30ന് കുവൈത്ത് യു.എ.ഇയെയും നേരിടും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.