‘ഫ്യൂച്ചർ സുഹാർ സിറ്റി’ പദ്ധതിയുടെ ഗ്രീൻ മൈക്രോമൊബിലിറ്റി ഇടനാഴികൾ, ഡിസ്ട്രിക്റ്റ് പാർക്കുകൾ എന്നിവയുടെ ഗ്രാഫിക്സ് ചിത്രങ്ങൾ. ഒമാൻ ഭവന നഗരവികസന മന്ത്രാലയം പങ്കുവെച്ചത്
മസ്കത്ത്: ഒമാൻ ഭവന നഗരവികസന മന്ത്രാലയത്തിന്റെ സുസ്ഥിര നഗര വികസന പദ്ധതികളുടെ ഭാഗമായി വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒരുങ്ങുന്ന ‘ഫ്യൂച്ചർ സുഹാർ സിറ്റി’ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. ഒമാന്റെ വടക്കൻ വാണിജ്യ-വ്യവസായ-ലോജിസ്റ്റിക്സ് പ്രവേശന കവാടമെന്ന നിലയിൽ സുഹാറിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ ബൃഹദ് സ്മാർട്ട് സിറ്റി ഏകദേശം 6.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നിർമ്മിക്കുന്നത്. സുഹാറിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപമാണ് ഈ ആധുനിക നഗരം ഉയരുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫ്യൂച്ചർ സുഹാർ സിറ്റിയിൽ സംയോജിത പാർപ്പിട സമുച്ചയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, സാംസ്കാരിക-സാമൂഹിക കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പുതിയ നഗരം മേഖലയിലെ ജനസംഖ്യാ വളർച്ചക്കും നഗരവൽക്കരണത്തിനും വലിയ സംഭാവന നൽകും.
സുഹാർ പോർട്ട്, സുഹാർ ഫ്രീ സോൺ, സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്, ബഹ്ജത്ത് അൽ അൻതാർ റോയൽ കൊട്ടാരം എന്നിവക്ക് തൊട്ടടുത്തുള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് ഈ നഗരം സ്ഥാപിക്കുന്നത്. ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ‘ഹഫീത് റെയിൽ’ പദ്ധതിയും പ്രാദേശിക റോഡ് ശൃംഖലകളും ഈ നഗരത്തിലൂടെ കടന്നുപോകുന്നതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള ലോജിസ്റ്റിക്സ്, ബിസിനസ് നിക്ഷേപങ്ങൾക്ക് ഇത് വൻ സാധ്യതകൾ തുറന്നുനൽകും. കാൽനടയാത്ര സുഗമമാക്കുന്നതിനും പ്രകൃതിദത്തമായ അന്തരീക്ഷം നിലനിർത്തുന്നതിനുമായി വലിയ ഡിസ്ട്രിക്റ്റ് പാർക്കുകൾ, ഗ്രീൻ മൈക്രോമൊബിലിറ്റി ഇടനാഴികൾ, പൊതു പ്ലാസകൾ, വിനോദ സൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് നഗരം രൂപകൽപന ചെയ്തിരിക്കുന്നത്.
സമഗ്രമായ മാസ്റ്റർ പ്ലാനിങ്, റോഡുകളും ഡിജിറ്റൽ കണക്റ്റിവിറ്റിയും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപക സൗഹൃദ നയങ്ങൾ, പുനരുപയോഗ ഊർജ സംവിധാനങ്ങൾ, വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കൽ തുടങ്ങി അഞ്ച് നിർണായക ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ‘ഒമാൻ വിഷൻ 2040’ ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒരുങ്ങുന്ന ഈ പദ്ധതിയുടെ വിശദമായ മാസ്റ്റർപ്ലാനും ഡിസൈനുകളും തയാറാക്കുന്നതിനുള്ള കൺസൾട്ടൻസി ടെൻഡറുകൾ മന്ത്രാലയം ഇതിനകം ക്ഷണിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.