കേരള സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതി, പുറമേ പ്രവാസികളുടെ ക്ഷേമത്തിനായി രൂപകൽപന ചെയ്തതുപോലെ തോന്നിച്ചാലും അതിന്റെ നടപ്പാക്കൽ രീതി ഗൗരവമായി പരിശോധിക്കുമ്പോൾ പല സംശയങ്ങളും ഉയരുന്നു. പ്രവാസികൾ കൂടുതലായും 10 മുതൽ 11 മാസം വരെ വിദേശരാജ്യങ്ങളിലാണ് കഴിയുന്നത്. പ്രവാസി ജീവിക്കുന്ന രാജ്യങ്ങളിലെ ഒരാശുപത്രിയും പദ്ധതിയുടെ ഭാഗമല്ല.
അതിനാൽ നാട്ടിൽ പോകുന്ന തുച്ഛം ദിവസങ്ങളിൽ മാത്രമാണ് പ്രവാസിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. അതായത് ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കുന്ന സമയം ഒരുമാസം മുതൽ ഒന്നരമാസം വരെ മാത്രമാണ്. അതിനിടയിൽ ചികിത്സാ ചെലവ് വരാനുള്ള സാധ്യത വളരെ കുറവുമാണ്. ഈ തുച്ഛ കാലയളവിനുള്ള വലിയ പ്രീമിയം തുക നൽകേണ്ടത് യുക്തിരഹിതമായി തോന്നുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കുന്നവർക്ക് ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കാത്തതും വലിയ അനീതിയാണ്. വർഷങ്ങളോളം വിദേശത്ത് വിയർപ്പ് ചൊരിഞ്ഞവർക്ക്, നാട്ടിലെത്തിയ ശേഷം പോലും സംരക്ഷണം നിഷേധിക്കുന്ന ഈ നിബന്ധന, പദ്ധതിയുടെ മാനുഷിക മുഖത്തെ ചോദ്യം ചെയ്യുന്നു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലപ്പോഴും പ്രവർത്തനതലത്തിൽ നിലച്ചുപോകുന്ന അനുഭവം പ്രവാസികൾക്ക് പുതിയതല്ല. കഴിഞ്ഞതവണ ദുബൈയിലെ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിൽ നൽകിയ പല വാഗ്ദാനങ്ങളും ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്ന നിരാശയും നിലനിൽക്കുന്നു. അതോടൊപ്പം കാരുണ്യപദ്ധതി ഉൾപ്പെടെ സർക്കാർ ആരോഗ്യപദ്ധതികൾക്കും സാമ്പത്തിക കുടിശ്ശിക മൂലം തടസ്സം നേരിടേണ്ടി വന്നിട്ടുണ്ടെന്നത് മറക്കാനാവില്ല.
ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്ത് പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്, യഥാർഥ ക്ഷേമാഭിപ്രായം കൊണ്ടാണോ, അതോ ഫണ്ടിങ് ആവശ്യങ്ങൾ നിറവേറ്റാനുള്ള രാഷ്ട്രീയ നീക്കമാണോ എന്ന സംശയം ഉന്നയിക്കപ്പെടുന്നു.
അതിന് തെളിവായി കാണുന്നത് പദ്ധതിയിലേക്ക് ചേർക്കുന്നതിനുള്ള നിശ്ചിത സമയപരിധി ആണ്. സാധാരണ ഇൻഷുറൻസ് പദ്ധതികളിൽ എപ്പോൾ വേണമെങ്കിലും ചേർക്കാം. എന്നാൽ ഇവിടെ ഒരു തീയതി നിശ്ചയിച്ചത്, ഒരു നിശ്ചിത സമയത്തിനകം വൻതുക സമാഹരിക്കാനുള്ള ലക്ഷ്യത്തോടെയാണോയെന്ന സംശയം ഉയരുന്നു-പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഈ ഘട്ടത്തിൽ.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾക്ക്, ഇൻഷുറൻസ് പദ്ധതികൾ സർക്കാർ സൗജന്യമായി തന്നെ നൽകേണ്ടത് ഒരു നൈതിക ഉത്തരവാദിത്തമാണ്. എല്ലാക്കാലത്തും വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പദ്ധതികളും അല്ലാതെ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ തുലോം തുച്ഛമാണെന്നത് ഏവരും സമ്മതിക്കുന്നതായിരിക്കെ പ്രവാസി ഇൻഷുറൻസ് പദ്ധതി സംരക്ഷണത്തിന്റെ മറവിൽ മറ്റൊരു ചൂഷണതന്ത്രമാണോ എന്ന സംശയം പല പ്രവാസികൾക്കുമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതും പ്രവാസിക്ക് സൗജന്യമായി തന്നെ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതും അനിവാര്യമാണെന്ന് സർക്കാറിനെയും മുഖ്യമന്ത്രിയെയും ഉണർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.