മസ്കത്ത്: ഒമാനിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്ന സാഹചര്യത്തിൽ നിലവിലുള്ള 14 മേഖല കമ്മിറ്റികൾ പിരിച്ചുവിട്ടു. കുട്ടികളുടെ പഠന സൗകര്യം താൽക്കാലികമായി തുടരുമെന്നും മലയാളം മിഷൻ മുൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ അധ്യയനം നടത്തുന്നവരുടെ പഠനം അവതാളത്തിലാകാതിരിക്കാൻ പുതിയ കമ്മിറ്റി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ഇവർ അഭ്യർഥിച്ചു. നിലവിൽ പ്രവർത്തിക്കുന്ന കമ്മിറ്റി പിരിച്ചുവിടാതെയാണ് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചത്. മലയാളം മിഷൻ അധികൃതർ ഇതുവരെ ഇൗ വിഷയത്തിൽ അറിയിപ്പ് നൽകുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പിരിച്ചുവിടാനുള്ള തീരുമാനം തങ്ങൾ കൈക്കൊള്ളുന്നതെന്നും പഴയ ഭാരവാഹികൾ പറഞ്ഞു. സെപ്റ്റംബർ 28ന് ദാർസൈത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒാഡിറ്റോറിയത്തിൽ നടന്ന മലയാളം മിഷൻ വിപുലീകരണ കമ്മിറ്റി യോഗത്തിൽ തങ്ങളോട് കാണിച്ചത് തീർത്തും നിഷേധാത്മക നിലപാടാണ്. ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കാനും രേഖകൾ കൈമാറാനും പരിപാടിയിൽ അവസരം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതിനിടെ സൂർ മേഖലയിൽ പ്രവർത്തിച്ചിരിക്കുന്നവർക്ക് പരിചിതനല്ലാത്ത ആളെ അഡ്ഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അവിടെനിന്നുള്ളവർ ചോദ്യംചെയ്തു. ഇതിനെ തുടർന്നുണ്ടായ ബഹളത്തിൽ സംഘാടകരിൽ ചിലർ കൈയേറ്റത്തിന് മുതിർന്നതായും പഴയ ഭാരവാഹികൾ ആരോപിച്ചു. പഴയ കമ്മിറ്റിയിലെ അംഗമായ രതീഷ് പട്ടിയാത്തിനെ ഒരു കൂടിയാലോചനയുമില്ലാതെ അഡ്ഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
തെൻറ അറിവില്ലാതെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും നിലവിലെ സാഹചര്യത്തിൽ അതിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും വാർത്തസമ്മേളനത്തിൽ പെങ്കടുത്ത രതീഷ് പട്ടിയാത്ത് പറഞ്ഞു. മലയാളം ഒമാൻ ചാപ്റ്റർ പ്രവർത്തനങ്ങൾ തുടരും. ഇതോടൊപ്പം മലയാള ഭാഷയുടെ പ്രചാരണത്തിനും ഭാഷ പ്രവർത്തനങ്ങൾക്കും വേണ്ടി അന്തർദേശീയ വേദി ആലോചനയിലുണ്ട്. ഇതിനായി മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകൻ ബിനു കെ. സാം, മുൻ രജിസ്ട്രാർ സുധാകര പിള്ള, പയ്യന്നൂർ മലയാള പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ, മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ ജോർജ് ലെസ്ലി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൗ വേദിയുടെ അന്തിമ രൂപം വൈകാതെത്തന്നെ തയാറാവുകയും ചെയ്യുമെന്ന് മലയാളം മിഷൻ മുൻ ഭാരവാഹികളായ അബ്ദുൽ അസീസ് തളിക്കുളം, ഹസ്ബുല്ല മദാരി, രതീഷ് പട്ടിയത്ത്, അൻവർ ഫുല്ല, സദാനന്ദൻ എടപ്പാൾ, കുഞ്ഞുമുഹമ്മദ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.