മസ്കത്ത്: അഞ്ച് ദിവസത്തെ പെരുന്നാൾ അവധി അടുത്തതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഏഷ്യയിലെ വിനോദ സഞ്ചാര പ്രധാന്യമുള്ള രാജ്യങ്ങളിലേക്കും പാക്കേജുമായി ടൂർ ഓപറേറ്റർമാരും ട്രാവൽ ഏജന്റുമാരും രംഗത്തെത്തി. അസർബൈജാൻ, തുർക്കിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ അവധിക്കാല പാക്കേജുകളുള്ളത്. ഫ്രാൻസ്, ന്യൂസിലൻഡ് അടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ച് യാത്ര ചെയ്യാനുള്ള പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ പലതും വിമാന ടിക്കറ്റിനൊപ്പം താമസവും ഭക്ഷണവും വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കലും ഉൾപ്പെടുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് ഏറെ സൗകര്യവുമാണ്. അഞ്ച് ദിവസത്തെ അവധിക്ക് ഒപ്പം ഞായർ,തിങ്കൾ എന്നീ ദിവസങ്ങൾ അധിക അവധിയെടുത്ത് ഒമ്പത് ദിവസത്തെ അവധിയാക്കി പുറത്തു പോവുന്നവരും നിരവധിയാണ്.
പെരുന്നാൾ അവധിക്ക് സലാല സന്ദർശിക്കുന്നവരും നിരവധിയാണ്. ഖരീഫ് സീസൺ ആയതോടെ സലാലയിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്. ഇതാസ്വദിക്കാനും സലാലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും നിരവധി പേരാണ് പോവുന്നത്. വിമാനം വഴിയും ബസ് സർവിസുകൾ വഴിയും പോവുന്നവരും നിരവധിയാണ്.
ചൂട് കാലങ്ങളിലാണ് ഒമാനിൽനിന്ന് പുറത്തേക്കുള്ള യാത്രക്കാർ വർധിക്കുന്നത്. കടും ചൂടിനൊപ്പം പെരുന്നാൾ അവധിയും എത്തിയതിനാൽ അവധിക്കാലം ഒമാന് പുറത്തുപോവാനാണ് പലരുടെയും പദ്ധതി. എന്നാൽ മറ്റ് ജി.സി.സി രാജ്യങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള അവധിക്കാല ഒഴുക്ക് കുറയും. അവധിക്കാലത്ത് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാറുണ്ടെങ്കിലും ഈ വർഷം ഉയർന്ന വിമാന നിരക്ക് കാരണം ഇന്ത്യയിലേക്കുള്ള പെരുന്നാൾ അവധിക്കാല യാത്ര പൊതുവെ കുറവാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ഇന്ത്യയിലെ എല്ലാ സെക്ടറിലേക്കും വിമാനക്കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒത്തുവന്നതിനാലാണ് നിരക്കുകൾ ഉയർത്തിയത്. ഇതു കാരണം ഒമാനി സ്വദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വെക്കുന്നുണ്ട്.
അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലെ തണുത്ത കാലാവസ്ഥയും കുറഞ്ഞ ടിക്കറ്റ് നിരക്കുകളും മറ്റ് സൗകര്യങ്ങളുമാണ് ഇത്തരം രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടങ്ങളിലേക്ക് വിസ ആവശ്യമില്ലാത്തതും പല രാജ്യങ്ങളിലും ഓൺ അറൈവൽ വിസയുള്ളതും യാത്രക്കാർക്ക് സൗകര്യമാവുന്നുണ്ട്. ടിക്കറ്റ് നിരക്കുകളുടെ കുറവുകൾക്കൊപ്പം ഹോട്ടലുകളിലും മറ്റുമുള്ള ചെലവ് കുറവും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കാരണമാക്കുന്നുണ്ട്. അസൈർബൈജാനിലേക്ക് നാല് ദിവസത്തെ ഫുൾ പാക്കേജിന് 300 റിയാൽ ഈടാക്കുന്ന എജൻസികളുമുണ്ട്. എതായാലും ഈ സീസണിൽ ഇത്തരം പാക്കേജുകൾ ഉപയോഗപ്പെടുത്തി അവധി ആഘോഷത്തിന് പോവുന്നവരുടെ എണ്ണം വർധിച്ചതായി ട്രാവൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.