മസ്കത്ത്: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് വീൽചെയർ ആവശ്യമണെങ്കിൽ മുൻകൂട്ടിയോ ബുക്കിങ് സമയത്തോ എയർലൈൻ അധികൃരെ അറിയിക്കണമെന്ന് ഒമാൻ എയർപോർട്സ് വ്യക്തമാക്കി. വീൽചെയർ ഉപയോക്താക്കളുടെ വാഹനങ്ങൾക്ക് നിയുക്ത പാർക്കിങ് സ്ഥലങ്ങളും നൽകിയിട്ടുണ്ട്. ചെക്ക്-ഇൻ ചെയ്യുന്ന സമയം മുതൽ വിമാനത്തിൽ കയറുന്നതുവരെ ഗ്രൗണ്ട് സർവിസ് സ്റ്റാഫ് ഭിന്നശേഷി യാത്രക്കാരെ അനുഗമിക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒരു പ്രത്യേക ലൈനും നിയുക്ത പാസ്പോർട്ട് ഡെസ്കും ഉണ്ടാകും.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്തരം യാത്രക്കാർക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ സുഖവും സ്വകാര്യതയും പ്രദാനം ചെയ്യുന്ന പൂർണമായും സജ്ജീകരിച്ച ഒരു ലോഞ്ച് നൽകിയിട്ടുണ്ട്. എളുപ്പത്തിൽ എത്തിച്ചേരാൻ അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ച വിശ്രമമുറികളും സമീപത്ത് ലഭ്യമാണെന്നും ഒമാൻ എയർപോർട്സ് വ്യക്തമാക്കി.
ഈ സേവനത്തിന്റെ പ്രയോജനത്തിനായി യാത്രക്കാർക്ക് ഡിപ്പാർച്ചർ ഹാളിന്റെ മുൻവശത്തെ ലോബിയിൽ സ്ഥിതി ചെയ്യുന്ന ‘പ്രത്യേക ആവശ്യക്കാരുള്ള യാത്രക്കാർ’ എന്ന ഡെസ്കിലേക്ക് പോകാം. റിസർവേഷൻ നടത്തുമ്പോൾ യാത്രക്കാർ അവരുടെ അവസ്ഥയും ആവശ്യമായ ഉപകരണങ്ങളും എയർ കാരിയറെ അറിയിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.ഭിന്നശേഷിക്കാരോ പ്രത്യേക ആവശ്യകതകളോ ഉള്ള യാത്രക്കാരന് അവരുടെ മൊബിലിറ്റി എയ്ഡുകളും ഉപകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് എയർ കാരിയർ ഉറപ്പാക്കണം. നാശനഷ്ടം നേരിട്ടാൽ അവയുടെ മൂല്യത്തിന് നഷ്ടപരിഹാരം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.