മസ്കത്ത്: ആമിറാത്തിൽ ആറംഗ കുടുംബത്തിന്റെ ദാരുണ മരണത്തെ തുടര്ന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി ഒമാനിലെ ഊർജ-ജലവിതരണ കമ്പനിയായ നമാ ഗ്രൂപ്പ്.
അപകടം നടന്ന വീട്ടിൽ കമ്പനി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ലെന്ന് നമാ സപ്ലൈ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ബുധനാഴ്ചയാണ് ആമിറാത്തിലെ അൽകിയ പ്രദേശത്ത് ആറംഗ ഒമാനി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു കുടുംബത്തിലെ ഭർത്താവും ഭാര്യയും നാല് കുട്ടികളുമാണ് മരിച്ചത്. ഉറക്കത്തിനിടെ വീട്ടിനുള്ളിലെ ഗ്യാസ്സ് ചോർച്ച മൂലമുണ്ടായ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ അറിയിപ്പ്.
ഈ സംഭവം രാജ്യത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയും നടന്നു. അപകടത്തിനിടയാക്കിയത് വൈദ്യുതി വിതരണം ചെയ്യുന്ന നമാ കമ്പനിയുടെ അനാസ്ഥയാണെന്നായിരുന്നു പ്രധാന ആരോപണം. നാലുകുട്ടികളടക്കം ആറുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യവുമുയർന്നു. ജനരോഷം സമൂഹമാധ്യമങ്ങളിൽ പ്രതിഫലിച്ചതോടെയാണ് വെള്ളിയാഴ്ച നമാ അധികൃതർ പ്രതികരണവുമായി രംഗത്തുവന്നത്.
അപകടമുണ്ടായ ആമിറാത്തിലെ അൽകിയ വീട്ടിൽ പ്രീപെയ്ഡ് മീറ്ററിങ് സിസ്റ്റം ആണ് പ്രവർത്തിക്കുന്നതെന്ന് നമാ വ്യക്തമാക്കി. ഉപഭോക്താവ് മുൻകൂറായി ക്രെഡിറ്റ് ചാർജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കുന്ന സംവിധാനമാണിത്.
ഈ സംവിധാനത്തിൽ കമ്പനിയുടെ ഭാഗത്തുനിന്നുള്ള ‘ബന്ധ വിച്ഛേദനം’ സാധ്യമല്ലെന്നും അവർ അറിയിച്ചു.
‘സംഭവം നടന്ന വീട്ടിൽ കമ്പനി ഒരു തരത്തിലുള്ള സേവന വിച്ഛേദനവും നടത്തിയിട്ടില്ലെന്നും മീറ്റർ വീട്ടുടമ തന്നെ ക്രെഡിറ്റ് നൽകി പ്രവർത്തിപ്പിക്കുന്ന പ്രീപേയ്മെന്റ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും’ അവർ വിശദീകരണത്തിൽ പറഞ്ഞു. കുടുംബാംഗങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും നമാ കമ്പനി അധികൃതർ അറിയിച്ചു.
അതേസമയം, ഇതേത്തുടർന്നുള്ള സംഭവ വികാസങ്ങൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ആമിറാത്തിലെ ദാരുണ സംഭവത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അതീവ ദുഃഖം സുൽത്താൻ രേഖപ്പെടുത്തി. മസ്കത്ത് ഗവർണർ ശൗഖിൻ ഹിലാൽ അൽ ബുസൈദി മുഖേന രാജാവിന്റെ അനുശോചന സന്ദേശം കുടുംബത്തിന്റെ ബന്ധുക്കൾക്ക് കൈമാറി. മരണപ്പെട്ടവർക്ക് അല്ലാഹുവിന്റെ വിശാലമായ കരുണ ലഭിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്ക് സഹനബലം നൽകട്ടെയെന്നും സുൽത്താൻ പ്രാർഥനയിൽ പറഞ്ഞു.
ഈ ഹൃദയഭേദകസംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും സുൽത്താൻ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ശൗഖിൻ ഹിലാൽ അൽ ബുസൈദി പറഞ്ഞു.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരമാവധി ശ്രദ്ധയോടെ നടപടികൾ തുടരണമെന്ന് സുൽത്താൻ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.