മസ്കത്ത് ഗവർണറേറ്റിലെ ആമിറാത്ത് വിലായത്തിൽ ശനിയാഴ്ച ഒട്ടകങ്ങളുമായി മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയവർ
- ചിത്രങ്ങൾ: ഫൈസൽ നായക്കൻ
മത്സരത്തിൽ തങ്ങളുടെ ഊഴം കാത്തുനിൽക്കുന്ന ഒട്ടകങ്ങളും ഉടമകളും
ശനിയാഴ്ച രാവിലെ ആമിറാത്തിൽ നടന്ന ഒട്ടക ഓട്ടമത്സരത്തിൽനിന്ന്
മസ്കത്ത്: ഒമാനി ഗ്രാമങ്ങളിൽ ഒട്ടക മത്സരങ്ങൾ സജീവമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുംറൈത്ത്, ബർക എന്നിവിടങ്ങളിൽ ഒട്ടക മത്സരങ്ങൾ നടന്നതിന് പിന്നാലെ മസ്കത്ത് ഗവർണറേറ്റിലെ ആമിറാത്ത് വിലായത്തിലും സന്ദർശകർക്ക് അപൂർവ അനുഭവമേകി ശനിയാഴ്ച ഒട്ടക ഓട്ട മത്സരം അരങ്ങേറി. ഒമാൻ കാമൽ റേസിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ആമിറാത്തിൽ രാവിലെ നടന്ന മത്സരത്തിൽ 50ഓളം ഒട്ടകങ്ങൾ പങ്കാളികളായി. സോഹാറിൽ വരും ദിവസങ്ങളിൽ മത്സരം നടക്കും. കഴിഞ്ഞ സെപ്തംബറിൽ ആദം വിലായത്തിലെ അൽ ബഷൈർ കാമൽ റേസിങ് ഗ്രൗണ്ടിൽ 682 ഒട്ടകങ്ങൾ പങ്കെടുത്ത മത്സത്തേടെയായിരുന്നു 2025-26 സീസണിലെ ഒമാനിലെ ഒട്ടക ഓട്ടമത്സരങ്ങൾക്ക് തുടക്കമായത്. വുസ്ത വിന്റർ ഫെസ്റ്റിവലിലും ഇബ്രിയിലെ ഹമ്ര അൽ-ദൗറ ഫെസ്റ്റിവലും ഒട്ടക സൗന്ദര്യ മത്സരങ്ങൾക്ക് പേരുകേട്ടവയാണ്.
ഒമാനിന്റെ ഗ്രാമപ്രദേശങ്ങളിൽ തണുപ്പുകാലം ഇത്തരം കായിക വിനോദങ്ങളുടെ ആഘോഷ കാലംകൂടിയാണ്. പാൽ കറക്കൽ, മത്സര ഓട്ടം തുടങ്ങിയവയും ഉൾക്കൊള്ളുന്നതാണ് ഒട്ടകങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പരമ്പരാഗത ഗ്രാമീണ വിനോദ പരിപാടികൾ. വിവിധ വിലായത്തുകളിൽ നിന്നുള്ള ഒട്ടക ഉടമകളും ഇവയെ വളർത്തുന്നവരുമാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. ഒമാനിലെ ഒട്ടക സൗന്ദര്യ മത്സരങ്ങൾ, ‘മസായിന’ എന്ന പേരിൽ അറിയപ്പെടുന്ന സാംസ്കാരിക ഉത്സവങ്ങളാണ്. ഒട്ടകങ്ങളുടെ അഴകും പ്രൗഢിയും പ്രദർശിപ്പിക്കുന്ന ഒമാനി പൈതൃകത്തിന്റെ ഭാഗമായ ഈ മത്സരങ്ങൾ കാണാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നും നിരവധി ഒഴുകിയെത്താറുണ്ട്.
വലിയ തല, നീളമുള്ള മൂക്ക്, താഴ്ന്ന ചുണ്ടുകൾ എന്നിവയാണ് ഒട്ടകങ്ങളുടെ സൗന്ദര്യം നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളായാണ് പരിഗണിക്കുക. നീളമുള്ള പുരികം, വലിയ കണ്ണുകൾ, നീളമേറിയതും ഉറപ്പുള്ളതുമായ കഴുത്ത്, ശരീരത്തിന് അനുയോജ്യമായ മുതുകിലെ വലിപ്പമുള്ള കൂനകൾ ഇവയെല്ലാം സൗന്ദര്യ നിർണയിക്കുന്നതിൽ പ്രധാനമാണ്.
സാധാരണയായി ഒട്ടകങ്ങളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. മജാഹിം എന്നിങ്ങനെയുള്ള സിവേശഷ ഇനങ്ങൾക്കായി പ്രത്യേകം റൗണ്ടുകളും ഉണ്ടാകാറുണ്ട്. മത്സരത്തിന് തയാറെടുക്കുന്ന ഒട്ടകങ്ങൾക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത്. ഈന്തപ്പഴം, തേൻ, പാൽ, നെയ്യ്, ഗോതമ്പ് എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ആഹാരമാണ് ഇവക്ക് നൽകുക. വിജയികളാകുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് പണവും വാഹനങ്ങൾ പോലുള്ള സമ്മാനങ്ങളും ലഭിക്കാറുണ്ട്.
സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കുന്ന ഒട്ടകങ്ങൾക്ക് വിപണിയിൽ മൂല്യമേറും. ഒമാന്റെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുകയും ചെറുകിട -ഇടത്തരം വ്യവസായങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവ കൂടിയാണ് ഇത്തരം മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.