ഒമാൻ ഫുട്ബാൾ ടീം
മസ്കത്ത്: കാഫ നാഷൻസ് കപ്പിൽ ആദ്യ വിജയം തേടി ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. വൈകീട്ട് ഒമാൻ സമയം നാലിന് നടക്കുന്ന മത്സരത്തിൽ കിർഗിസ്താനാണ് എതിരാളികൾ.
ഉസ്ബകിസ്താനിലെ മജ്മുവാസി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ് എയിൽ എല്ലാവർക്കും ഓരോ പോയന്റ് വീതമാണുള്ളത്. ഇന്ന് ജയിക്കുന്നവർക്ക് പോയന്റ് പട്ടികയിൽ മുന്നിലെത്താം. കഴിഞ്ഞദിവസം ഉസ്ബകിസ്താനെതിരെ മികച്ച കളി പുറത്തെടുത്തിരുന്നെങ്കിലും ഒമാന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവരുകയായിരുന്നു. ഫിനിഷിങ്ങിലെ പാളിച്ചകളാണ് തിരിച്ചടിയായത്.
കഴിഞ്ഞ കളിയിലെ പോരായ്മ പരിഹരിച്ചായിരിക്കും റെഡ് വാരിയേഴ്സ് ബൂട്ട് കെട്ടിയിറങ്ങുക. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള മുന്നൊരുക്കമായിട്ടാണ് ടീം ടൂർണമെന്റിനെ കാണുന്നത്. അതുകൊണ്ടുതന്നെ മികച്ചപോരാട്ടം നടത്തി ആത്മവിശ്വാസം വർധിപ്പിക്കാനാകും റെഡ് വാരിയേഴ്സ് ശ്രമിക്കുക. താരങ്ങളുടെ പ്രകടനത്തിൽ കോച്ച് കാർലോസ് ക്വിറോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. കളിക്കാരുടെ സമീപനം, അവരുടെ പ്രകടനം, ഉയർന്ന നിലവാരമുള്ള പോരാട്ട മനോഭാവം ഇതെല്ലാം വളരെ പ്രശംസനീയമായിരുന്നെന്നാണ് കഴിഞ്ഞദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ കോച്ച് പറഞ്ഞത്. എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കി ഗ്രൗണ്ടിൽ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നാണ് കോച്ച് കളിക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. മുന്നേറ്റനിര ശക്തമായ ഫോമിലാണെന്നത് ഒമാന് പ്രതീക്ഷയേകുന്നു. ഒപ്പം പ്രതിരോധനിരയും കരുത്ത് കാട്ടുകയാണെങ്കിൽ ഒമാൻ വല കുലുക്കാൻ കിർഗിസ്താൻ ഇന്ന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.