മസ്കത്ത്: പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വിവിധ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും മൂന്നില്‍ രണ്ടു സ്വദേശികളും ഇതിനോട് മുഖംതിരിഞ്ഞുനില്‍ക്കുന്നവരെന്ന് സര്‍വേ. മെന മേഖലയിലെ പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച സമ്മേളനത്തിനോടനുബന്ധിച്ച് സൊഹാര്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടത്തെല്‍.
സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങളാല്‍ സ്വന്തം വാഹനം ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ളെന്ന് സര്‍വേയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരില്‍ ബഹുഭൂരിപക്ഷം പേരും പറഞ്ഞു. സാംസ്കാരികമായ വെല്ലുവിളികള്‍ പൊതുഗതാഗത സംവിധാനം വ്യാപകമാക്കുന്നതിന് വിലങ്ങുതടിയാണെന്ന് സര്‍വേ ഫലങ്ങള്‍ ഉദ്ധരിച്ച് രാകേഷ് ബേല്‍വാല്‍ പറഞ്ഞു. സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നവരില്‍നിന്നാണ് സര്‍വേ നടത്തിയത്. ബസുകളിലും ടാക്സികളിലും യാത്ര ചെയ്യുന്നതിന് സാംസ്കാരികമായ ആശങ്കകളുണ്ടെന്ന് 63 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളെ ഷെയേര്‍ഡ് യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കില്ളെന്ന് അഭിപ്രായപ്പെട്ടത് 60 ശതമാനത്തിലധികം പേരാണ്.
എതിര്‍ലിംഗക്കാരുമായി ടാക്സികളിലും ബസുകളിലും യാത്രചെയ്യുന്നതിന് പ്രശ്നങ്ങളുണ്ടെന്ന് 52 പേരാണ് അഭിപ്രായപ്പെട്ടത്.
സ്വദേശികളുടെ ആശങ്കകള്‍ക്ക് നിരവധി കാരണങ്ങളുണ്ടെന്നും സര്‍വേ പറയുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സ്ഥലങ്ങളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത്.
വനിത ഡ്രൈവര്‍മാരുടെ അഭാവം, കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക സംവിധാനങ്ങളില്ലാത്തത്, ഉപദ്രവം സംബന്ധിച്ച ആശങ്ക, സാമൂഹികവും സാംസ്കാരികവും മതപരവുമായ പ്രശ്നങ്ങള്‍ എന്നിവയാണ് മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്.
പൊതുവെ നൂതന ആശയമാണെങ്കിലും മറ്റു ചില വീക്ഷണകോണുകളില്‍ ഇത് പ്രശ്നം പിടിച്ചതാണെന്ന ആശങ്കയും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യതയില്ലായ്മയാണ് ഇതില്‍ പ്രധാനപ്പെട്ടത്. തിരക്കും അപരിചിതരായ വിദേശ യാത്രക്കാരുമൊത്ത് യാത്ര ചെയ്യുന്നതിന്‍െറ ബുദ്ധിമുട്ടുകളും ചിലര്‍ പങ്കുവെച്ചു.
ചില പരിഹാര നടപടികള്‍ കൈക്കൊണ്ടാല്‍ പൊതുഗതാഗതം പരീക്ഷിച്ചുനോക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരുമുണ്ട്. സ്ത്രീ, പുരുഷ യാത്രക്കാര്‍ക്ക് പ്രത്യേക സീറ്റുകള്‍ ക്രമീകരിക്കുക എന്നതാണ് ഇതില്‍ പ്രധാനം.
ഇതോടൊപ്പം വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന സര്‍വിസുകള്‍ ആരംഭിക്കുക, പൊതുവാഹനങ്ങളില്‍ സുരക്ഷാകാമറകള്‍ സ്ഥാപിക്കുക, സര്‍വിസുകളുടെ നിലവാരം ഉയര്‍ത്തുക, സുരക്ഷയും വൃത്തിയും ഉറപ്പാക്കുക, സൗജന്യ വൈഫൈ സംവിധാനം, മീറ്റര്‍ ടാക്സി, മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സീറ്റുകള്‍ ഏര്‍പ്പെടുത്തുക, മൊബൈല്‍ ആപ്പുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍.
സ്വകാര്യ കാറുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നത് ആളുകളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതില്‍നിന്ന് മുടക്കുന്നതായി രാകേഷ് ബേല്‍വാല്‍ പറഞ്ഞു.
ഇതോടൊപ്പം സുസജ്ജമായ പൊതുഗതാഗത സംവിധാനത്തിന്‍െറ അഭാവവും പ്രശ്നമാണ്. യാത്ര ആരംഭിക്കുന്നിടത്തുനിന്ന് അവസാനിക്കുന്ന സ്ഥലത്തേക്ക് പൊതുഗതാഗത സംവിധാനം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.