ആമിറാത് -ബൗഷർ പർവതപാതയുടെ ദൃശ്യം
മസ്കത്ത്: ബൗഷർ-ആമിറാത് ടണൽ ഉൾപ്പെടെ സുൽത്താനേറ്റിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) പ്രധാന റോഡ് പദ്ധതികൾക്ക് നിക്ഷേപാടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിച്ചു. റോഡ് രൂപകൽപന, നിർമാണം, ധനവിനിയോഗം, റോഡ് ഓപറേഷൻ, പിന്നീട് ഉടമസ്ഥാവകാശം കൈമാറുക എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികൾക്കാണ് ടെൻഡർ ക്ഷണിച്ചത്. നിലവിലുള്ള പാതകൾക്ക് പകരമായി പുതിയ പാതകൾ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്ക് ദേശീയ അന്തർദേശീയ കമ്പനികൾക്ക് ടെണ്ടർ സമർപ്പിക്കാം.
ഒമാനിന്റെ ഗതാഗത സംവിധാനത്തെ ആധുനികവത്കരിക്കുകയും സ്വകാര്യ മേഖലയെ ദേശീയ വികസന പദ്ധതികളിൽ കൂടുതൽ പങ്കാളികളാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രാജ്യാന്തര, ദേശീയ കമ്പനികൾക്ക് ഈ പദ്ധതികൾക്കായി നിർദേശങ്ങൾ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള റോഡ് നെറ്റ്വർക്കുകൾക്ക് അനുബന്ധമായി പുതിയ നിക്ഷേപപാതകൾ വികസിപ്പിക്കുകയും ഇതുവഴി ഒമാനിന്റെ ലോജിസ്റ്റിക്, കണക്റ്റിവിറ്റി മേഖലകൾ കൂടുതൽ ശക്തമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബൗഷർ-ആമിറാത് ടണൽ റോഡ് പദ്ധതി മസ്കത്ത് ഗവർണറേറ്റിനുള്ളിൽ ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രാസമയം കുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബൗഷറും അൽ ആമിറാതും തമ്മിലുള്ള യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കാൻ ടണൽ പദ്ധതി സഹായകരമാവും. തലസ്ഥാനത്തിന്റെ വളർച്ചയെയും നഗര ഗതാഗത സംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബൗഷർ-ആമിറാത് ടണൽ റോഡിനു പുറമെ, അൽ ആമിറാത് -ദിമ വ തായീൻ റോഡ്, സലാല -തുംറൈത് റോഡ്, മസ്കത്ത്-അൽ ദാഖിലിയ റോഡ് (മബൈല-തുമൈദ്) എന്നിവയും ടെണ്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ടെൻഡർ രേഖകൾ ലഭ്യമാണ്. 2026 ഫെബ്രുവരി 23നകം ടെണ്ടർ സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.ഭവന-നഗര ആസൂത്രണ മന്ത്രാലയത്തിന്റെ (എം.എച്ച്.യു.പി) ‘ഗ്രേറ്റർ മസ്കത്ത് സ്ട്രക്ചർ പ്ലാൻ’ പ്രകാരം, തലസ്ഥാനത്ത് പൊതു ഗതാഗത സൗകര്യങ്ങളിലൂടെ കണക്റ്റിവിറ്റി വർധിപ്പിക്കുകയും സ്വകാര്യ വാഹനങ്ങളിലെ ആശ്രയത്വം കുറക്കുകയും ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. മസ്കത്ത് മെട്രോ പദ്ധതിയോടൊപ്പം, പർവതനിരകൾ മൂലം നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ട നിലയിലുള്ള അൽ ആമിറാത് വിലായത്തിനെ നിലവിലുള്ള പർവത പാതക്കൊപ്പം പുതിയ റോഡ് ടണൽ മുഖേനയും ബന്ധിപ്പിക്കും.
ടണൽ പദ്ധതി അൽ ആമിറാത്തിലെ വികസനരൂപം മാറ്റിമറിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. റൂവിയുമായി ബന്ധിപ്പിക്കുന്ന ബസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ബി.ആർ.ടി.എസ്) വഴിയും ഈ പ്രദേശം കൂടുതൽ ഗതാഗത സൗകര്യങ്ങൾ നേടും. ഇതിലൂടെ അൽ ആമിറാത്തിലെ ഭൂമി മൂല്യവും വ്യാപാര-സഞ്ചാര മേഖലകളിലെ സാധ്യതകളും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, ആമിറാത് -ബൗഷർ പർവതപാത (അൽ ജബൽ സ്ട്രീറ്റ്) കൂടുതൽ സുരക്ഷിതമാക്കുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റി വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. റോഡിന്റെ രൂപഭാഗത്തിലും ജലനിർമാർജന സംവിധാനത്തിലും പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനൊപ്പം ആധുനിക ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.