മത്ര: ഒമാനിൽ സിംകാർഡ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാവുന്നു. പലരും അധികൃതരുടെ പിടിയിലാവുമ്പോഴാണ് ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞദിവസം നാട്ടില്‍നിന്നും എത്തിയ പ്രവാസി മലയാളി മസ്കത്ത് എയർപോട്ടില്‍ അറസ്റ്റിലായി. താൻ ചെയ്ത തെറ്റെന്താണ് എന്നറിയാതെയായിരുന്നു പ്രവാസി അധികൃതരുടെ മുന്നിൽ ‘കുറ്റക്കാരനാ’യി മാറിയത്. എയര്‍പോട്ടിലെ എമിഗ്രേഷന്‍ കഴിഞ്ഞയുടന്‍ മലയാളിയെ പേര് വിളിച്ച് കൂട്ടിക്കൊണ്ടുപൊയത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെയാണ്.
മലയാളിയാത്രക്കാരന് തന്റെ പേരിലുള്ള കുറ്റമെന്തെന്ന് അറിയാതെ മിഴിച്ചുനിൽക്കുകയായിരുന്നു. തന്റെ പേരിലുള്ള സിം ഉപയോഗിച്ച് ആരോ നടത്തിയ സാമ്പത്തിക കുറ്റകൃത്യമാണ് തനിക്ക് പുലിവാലായതെന്ന് മനസ്സിലായത് പിന്നീടാണ്.
ജനുവരി ഒന്നിന് നാട്ടില്‍നിന്ന് മത്രയിലേക്ക് പറപ്പെട്ടതായിരുന്നു ഫൈസല്‍ എന്ന മാഹി സ്വദേശിയായ പ്രവാസി. ഫൈസല്‍ ഒമാനില്‍ എത്തിയ വിവരത്തിന് നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് അറിയിക്കാത്തതിനെതുടര്‍ന്ന് നാട്ടിലുള്ള ബന്ധുക്കള്‍ മത്രയിലുള്ള സുഹൃത്തുക്കളോട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഫൈസല്‍ താമസസ്ഥലത്ത് എത്തിയില്ലെന്ന വിവരം കൂട്ടുകാരും നാട്ടിലുള്ളവരും അറിയുന്നതുതന്നെ. ജനുവരി ഒന്നിന് പുലർച്ചെ നാട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. രാവിലെ ആറിന് മസ്കത്ത് എയർപോട്ടിലിറങ്ങിയയുടന് തന്നെ അറസ്റ്റിലാവുകയാണുണ്ടായത്. ആദ്യദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി വിവിധ ജയിലുകളിലേക്ക് എത്തിച്ചതായി അദ്ദേഹം പറയുന്നു. എട്ടുവര്‍ഷമായി ഉപയോഗിച്ചുവരുന്ന തന്റെ പേരിലുള്ള സിം ദുരുപയോഗം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയതാണ് ഫൈസലിനെ തടങ്കലില്‍ വെക്കുന്നതിന് കാരണമായി തീര്‍ന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷയാണ് ഒമാനിലുള്ളത്. സൗജന്യ വാഗ്ദാനങ്ങളുമായി വരാറുള്ള ആപ്പുകളുടെയൊക്കെ ലിങ്കുകള്‍ തുറക്കുമ്പോള്‍ അറിയാതെ തന്നെ പലരും വഞ്ചിക്കപ്പെടുകയാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
നാട്ടില്‍നിന്ന് പുറപ്പെട്ട് താമസസ്ഥലത്ത് എത്തിയില്ലെന്ന് അറിഞ്ഞയുടന്‍ മത്ര കെ.എം.സി.സി പ്രവര്‍ത്തകനായ റഫീഖ് ചെങ്ങളായി എയര്‍പോട്ടില്‍ പരിചയമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് ഫൈസല്‍ പിടിയിലായെന്ന് മനസിലായത്.
തുടര്‍ന്ന് സ്പോണ്സറുമായി ബന്ധപ്പെട്ട് തന്റെ നിരപരാധിത്തം തെളിയിക്കുകയും സ്പോണ്‍സറുടെ ജാമ്യത്തില്‍ പുറത്തിറങ്ങുകയുമാണ് ചെയ്തത്. ഓണ്‍ലൈനില്‍ ലഭ്യമായ പ്രമോഷന് ആപ്പുകളും മറ്റും കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് പോലെ പണി കിട്ടുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. രണ്ടരമാസംമുമ്പ് ഫൈസൽ സമാനമായ മറ്റൊരു കേസില്‍ 180 റിയാല്‍ പിഴ അടച്ചാണ് നാട്ടിലേക്ക് പോയത്. ഇപ്പോൾ 120 റിയാലിന്റെ തട്ടിപ്പാണ് ഫൈസലിന്റെ പേരിലുള്ളത്.
അതേസമയം ഫൈസല്‍ നിരപരാധിയാണെന്നും ഫൈസലിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അഞ്ജാതരായ ഏതോ സൈബര്‍കുറ്റവാളി നടത്തിയ തട്ടിപ്പാണ് പ്രവാസിയെ കുടുക്കാനിടയാക്കിയതെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.