റൂവിയിലെ കടയിലെത്തിയ കുപ്പിവളകൾ
റൂവി: ഏത് ആഘോഷത്തിനും സ്ത്രീകൾക്ക് കുപ്പി വളവേണം. പഴയ കുപ്പിവള സ്നേഹികൾ പലരും കുപ്പിവളയെ കൈവിട്ടു തുടങ്ങി. കാരണം ഉത്സവപ്പറമ്പിലും, പള്ളി പെരുന്നാളിനും ഫാൻസി കടകളിലും കിട്ടുന്ന കുപ്പിവളകൾക്ക് കാലങ്ങളായി ഒരേ ഡിസൈനും അതുപോലെ തന്നെ കണ്ടു പഴകിയ നിറങ്ങളുമാണ്. അതുകൊണ്ടുതന്നെ നാട്ടിലെ കുപ്പിവള കച്ചവടം വേണ്ട വിതം മുന്നോട്ട് പോയില്ല.
എന്നാൽ, പ്രവാസ ലോകത്ത് ഇപ്പോൾ കുപ്പിവളയുടെ വിൽപന പൊടിപൊടിക്കുകയാണ്. ഓണാഘോഷത്തിനും മറ്റേത് സന്തോഷ കൂടിച്ചേരലിലും കുപ്പിവളയുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്ന് റൂവി റെക്സ് റോഡിലെ അമാന ഷോപ്പിങ് സെന്ററിലെ നൗഷാദ് പറയുന്നു. ബോംബെ, ജയ്പൂർ, രാജസ്ഥാൻ, ബംഗ്ലളൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കുപ്പിവളകൾ നിറത്തിലും ഡിസൈനിങ്ങിലും വളരെ മികച്ചതാണ്. നിരവധി കളർ പാറ്റേണുകളാണ് ഇതിന്റെ പ്രത്യേകത.
ഒരു ഡസൺ വളക്ക് 800 ബൈസ മുതൽ മെറ്റൽ ഡിസൈന്‍ മൂന്ന് റിയാൽ വരെ വിലയുണ്ട്. ഡാൻസ്, ഒപ്പന, തിരുവാതിരക്കളി, ഓണാഘോഷം, പെരുന്നാൾ എന്നിങ്ങനെ ഏത് സന്തോഷ ആഘോഷങ്ങൾക്കും കുപ്പിവള തേടി ആളുകൾ എത്തുന്നു. ജയ്പൂരിന്റെ നല്ല വളകളിലൊന്നാണ് ലാക്ക്. കുപ്പിവള അല്ലെങ്കിലും അകത്ത് പ്ലാസ്റ്റിക്കിൽ തീർത്ത മുകളിൽ മനോഹരമായ ഡിസൈനുള്ള വളകൾക്ക് ഡിമാന്റ് ഏറെയാണ്.
കൂടാതെ ചാന്ത്, പൊട്ട്, കൺമഷി, സുറുമ, കാതില, മോതിരം, മാല, എന്നിങ്ങനെ നാട്ടിലെ ഫാൻസി കടകളിൽ കിട്ടുന്ന എല്ലാം വിൽപ്പനയിൽ മുന്നിലാണ്. ഹോളി, ദീപാവലി, എന്നീ സീസണിലും കുപ്പിവളകളുടെയും ഫാൻസി സാധനങ്ങളുടെ വിൽപന സജീവമാകും. ഓണ സീസണും നല്ല വിൽപന നടക്കുന്ന സമയമാണെന്നും നൗഷാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.