മസ്കത്ത്: ഭക്ഷ്യസുരക്ഷാ മേഖലയിൽ വൻ നിക്ഷേപ അവസരങ്ങളുമായി ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ‘ഇൻവെസ്റ്റ് ഒമാൻ’ പ്ലാറ്റ്‌ഫോം വഴിയുള്ള നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്ന സമാഹാരം മന്ത്രാലയം പുറത്തിറക്കി. കൃഷി- മത്സ്യബന്ധന-ജലവിഭവ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. കൃഷി, അക്വാകൾച്ചർ, അനുബന്ധ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ ഒമാനിലെ പ്രകൃതി വിഭവങ്ങളുടെ വൈവിധ്യവും വൻകിട നിക്ഷേപ സാധ്യതയും വ്യക്തമാക്കുന്നവയാണ്. ഭക്ഷ്യ സ്വയംപര്യാപ്തത വർധിപ്പിക്കുക, വിഭവങ്ങളുടെ സ്ഥിരത ഉറപ്പാക്കുക, ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഉൽപാദന മേഖലകളുടെ സംഭാവന ഉയർത്തുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
കാർഷിക മേഖലയിലായി അഞ്ച് പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉള്ളി കൃഷിയും സംസ്കരണവും (4.8 മില്യൺ റിയാൽ), വെളുത്തുള്ളി കൃഷി (2.3 മില്യൺ), കാന്തലൂപ്പ് (ഷമാം) കൃഷി (2.1 മില്യൺ), ഗ്രീൻഹൗസ് ഇലക്കറികൾ (1.6 മില്യൺ), ഉരുളക്കിഴങ്ങ് കൃഷിയും സംസ്കരണും (5.5 മില്യൺ) എന്നിവയാണ് പ്രധാന പദ്ധതികൾ. മത്സ്യബന്ധന മേഖലയിലും അഞ്ച് പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. സുവൈഖിൽ കടൽപ്പച്ച കൃഷി (2 മില്യൺ), ദോഫാർ ഗവർണറേറ്റിലെ ഷർബാത്തിൽ ഒമാനി അബലോൺ വളർത്തൽ (10 മില്യൺ), റാസ് മദ്രഖയിൽ ടൈഗർ പ്രോൺ വളർത്തൽ (32 മില്യൺ), ജാലാൻ ബനി ബു അലിയിലെ വൈറ്റ്‌ലെഗ് ചെമ്മീൻ വളർത്തൽ (25 മില്യൺ), ഖുറിയാത്തിൽ ഫ്ലോട്ടിങ് കേജുകളിൽ ട്യൂണ മത്സ്യം വളർത്തൽ (4.7 മില്യൺ) എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഭക്ഷ്യ വ്യവസായങ്ങളെ പിന്തുണക്കുന്ന പദ്ധതികളിൽ സമൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിരതയാർന്ന മത്സ്യാഹാര നിർമാണ യൂനിറ്റ് (3.8 മില്യൺ റിയാൽ) ഉൾപ്പെടുന്നു. 1.6 മില്യൺ റിയാലിൽ ആരംഭിക്കുന്ന ഇടത്തരം പദ്ധതികളിൽ നിന്ന് 32 മില്യൺ റിയാലിന് മുകളിലുള്ള വൻതോതിലുള്ള തന്ത്രപ്രധാന പദ്ധതികൾവരെയുള്ള നിക്ഷേപാവസരങ്ങൾ ഉൾപ്പെടുത്തി വിവിധ നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്ഷ്യം.
ഉചിതമായ കാർഷിക ഭൂമി, സമൃദ്ധമായ സമുദ്ര വിഭവങ്ങൾ, തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപ സൗഹൃദ നിയമ വ്യവസ്ഥകൾ എന്നിവയാണ് ഒമാന്റെ പ്രധാന അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ നിർമ്മാണം മുതൽ ലോജിസ്റ്റിക് സേവനങ്ങൾ വരെയുള്ള മൂല്യ ശൃംഖലയിലുടനീളം ഏകീകൃത അവസരങ്ങൾ സൃഷ്ടിച്ച് സ്വയംപര്യാപ്തതയും കയറ്റുമതി വളർച്ചയും സ്ഥിരതയാർന്ന തൊഴിൽസൃഷ്ടിയും ലക്ഷ്യമിടുന്നതായി നിക്ഷേപ പ്രോത്സാഹന വിഭാഗം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഹമദ് അൽ ഖറൂസി പറഞ്ഞു. സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിക്ഷേപാവസരങ്ങൾ രൂപപ്പെടുത്തിയതെന്നും ഇത് പ്രാദേശിക ഉൽപാദനം വർധിപ്പിക്കുകയും പ്രകൃതി വിഭവങ്ങളുടെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കൃഷി, മത്സ്യബന്ധന വിപണന വിഭാഗം ഡയറക്ടർ ജനറലും മന്ത്രാലയ വക്താവുമായ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു.
പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക പിന്തുണ, നിയമപരമായ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി മേഖലയിലെ മത്സരക്ഷമത ഉയർത്തുന്നതിനും ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഇൻവെസ്റ്റ് ഒമാൻ’ പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപകർക്ക് സാങ്കേതിക വിവരങ്ങൾ, നിക്ഷേപ മൂല്യങ്ങൾ, പ്രവർത്തന മാതൃകകൾ എന്നിവ പരിശോധിക്കാനും നിക്ഷേപ തീരുമാനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.