അനുമതിയില്ലാത്ത നിയമസേവനം;നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

മസ്കത്ത്: മതിയായ ലൈസൻസില്ലാതെ നിയമസേവനങ്ങൾ നൽകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായി ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഓർമപ്പെടുത്തി. അനധികൃതമായി നിയമപ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് സ്ഥാപനങ്ങൾക്കും സേവനദാതാക്കൾ മന്ത്രാലയം മുന്നറിയിപ്പു നൽകി.

ലൈബ്രറികൾ, ഡോക്യുമെന്റുകൾ പകർത്തി നൽകുന്ന കടകൾ, സനദ് സർവീസ് കേന്ദ്രങ്ങൾ, ട്രാൻസാക്ഷൻ ഫോളോ-അപ്പ് ഓഫിസുകൾ തുടങ്ങിയ ചില സ്ഥാപനങ്ങൾ നിയമസ്വഭാവമുള്ള സേവനങ്ങൾ നൽകുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകളും നിയമ മെമ്മോറാണ്ടങ്ങളും തയാറാക്കൽ, നിയമോപദേശം നൽകൽ, കരാർ തയാറാക്കൽ, ബന്ധപ്പെട്ട അധികാരികളിലൂടെ നോട്ടറി നടപടികൾ നടത്തിക്കൽ, കമ്പനികളുടെ രജിസ്ട്രേഷൻ നടപടികൾ കൈകാര്യം ചെയ്യൽ തുടങ്ങിയ സേവനങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ അഭിഭാഷക സേവനങ്ങളും നിയമോപദേശ സേവനങ്ങളും ഉൾപ്പെടുന്ന നിയന്ത്രിത മേഖലകളിലാണെന്നും നീതിന്യായവും നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ലൈസൻസുള്ള നിയമ സ്ഥാപനങ്ങൾക്കും നിയമോപദേശ ഓഫിസുകൾക്കും മാത്രമേ ഇത്തരം സേവനങ്ങൾ നൽകാൻ അധികാരമുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. 2024 ലെ രാജ ഉത്തരവ് നമ്പർ 41 പ്രകാരമുള്ള അഡ്വക്കസി ആൻഡ് ലീഗൽ കൺസൽട്ടൻസി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണങ്ങൾ. നിയമലംഘകർക്കെതിരെ നിലവിലുള്ള നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Unauthorized legal services; warning issued that action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.