ദോഫാറിൽ ചെമ്മീൻ കൂട്ടത്തോടെ കരക്കടിഞ്ഞ സംഭവം; മലിനീകരണമില്ലെന്ന് അധികൃതർ

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ അടുത്തിടെ ചെമ്മീനുകൾ കൂട്ടത്തോ​ടെ ചത്തു കരക്കടിഞ്ഞ സംഭവം പരിസ്ഥിതി മലിനീകരണം മൂലമല്ലെന്ന് കൃഷി, മൽസ്യ ബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. സ്വാഭാവിക കാലാവസ്ഥാ ഘടകങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

സമുദ്രജലത്തിന്റെ താപനിലയിൽ ഉണ്ടായ മാറ്റവും ശക്തമായ കടൽ പ്രവാഹങ്ങളും ചെറു ചെമ്മീനുകളെ ആഴക്കടലിൽ നിന്ന് തീരത്തോടടുത്തുള്ള വെള്ളത്തിലേക്ക് തള്ളിയെത്തിച്ചതാകാമെന്നും പുതിയ സാഹചര്യങ്ങളിൽ അതിജീവിക്കാനാവാതെ അവ ചത്തതാകാമെന്നും കരുതുന്നു.

ഔദ്യോഗിക സംഘങ്ങൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചെങ്കിലും ഈ മേഖലയിൽ മലിനീകരണത്തിന്റെ ഒരു ലക്ഷണവും കണ്ടെത്തിയിട്ടില്ല. മറ്റ് മത്സ്യങ്ങളോ കടൽജീവികളോ മരിച്ചതായുംവിവരമില്ല. അതിനാൽ ഈ സംഭവം സ്വാഭാവികവും ഒറ്റപ്പെട്ടതുമാണെന്ന് സൂചിപ്പിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

തീരത്തടിഞ്ഞ ചെമ്മീൻ ഉൾപ്പെടെയുള്ള കടൽജീവികളെ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഭക്ഷ്യ ആവശ്യങ്ങൾക്ക് ഇവ സുരക്ഷിതമായിരിക്കാൻ സാധ്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Mass stranding of shrimp in Dhofar; Authorities state no pollution involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.