മസ്‌കത്ത്: സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഒമാൻ ഇന്ത്യയടക്കം പ്രധാന റൂട്ടുകളിൽ സൂപ്പർ സേവർ ഫെയറിൽ സൗജന്യ ചെക്ക് ഇൻ ബാഗേജ് പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, കെയ്റോ, മനില, ദാറുസ്സലാം, ബാഗ്ദാദ്, സാൻസിബാർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ‘സൂപ്പർ സേവർ’ ഫെയറിൽ 20 കിലോ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുപോവാം. മുമ്പ് ഈ ഫെയറിൽ ഹാൻഡ് ബാഗേജ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്.
ഇതേ റൂട്ടുകളിൽ ‘കംഫർട്ട്’ ഫെയറിൽ 30 കിലോയും ‘ഫ്ലെക്സ്’ ഫെയറിൽ 40 കിലോയും ചെക്ക്-ഇൻ ബാഗേജ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് പരിഷ്കാരം. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ സേവനങ്ങളും ഒമാൻ എയർ തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ആദ്യം ‘കാൻസൽ ഫോർ എനി റീസൺ’ എന്ന ഓപ്ഷനും മെച്ചപ്പെടുത്തിയ ട്രാവൽ ഇൻഷുറൻസ് സംവിധാനവും അവതരിപ്പിച്ചിരുന്നു.
2024-ൽ ഫെയർ ബണ്ടിലുകൾ (വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിനൊപ്പം ലഭിക്കുന്ന അധിക സേവനങ്ങളുടെ പാക്കേജ്) ആരംഭിച്ചതിന് ശേഷം 10 ലക്ഷത്തിലധികം യാത്രക്കാരാണ് വിവിധ ആഡ്ഓൺ സേവനങ്ങൾ ഉപയോഗിച്ച് അവരുടെ യാത്ര ക്രമപ്പെടുത്തിയത്. എയർപോർട്ടിലെ ഫാസ്റ്റ്-ട്രാക്ക്, പ്രയോറിറ്റി ബോർഡിങ്, അധിക ലെഗ് റൂം, അധിക ബാഗേജ് തുടങ്ങിയ 10-ലധികം സേവനങ്ങൾ ഇപ്പോൾ ബുക്കിങ് പ്രക്രിയയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളിൽ ഓൺബോർഡ് കണക്റ്റിവിറ്റി, പുതുക്കിയ ലോയൽറ്റി പ്രോഗ്രാം, കാബിൻ സൗകര്യങ്ങളിൽ മാറ്റങ്ങൾ, പുതിയ റൂട്ടുകളുടെ വിപുലീകരണം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ നവീകരണ പദ്ധതികൾ അവതരിപ്പിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.