1. ഒമാൻ സാറ്റ്-1 ഉപഗ്രഹ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ വാർത്തവിനിമയ-ഐ.ടി മന്ത്രി എൻൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലിയും എയർബസ് സ്പേസ് സിസ്റ്റംസ് സി.ഇ.ഒ അലൻ ഫോറേയും കരാർ ഒപ്പിട്ടപ്പോൾ 2. കരാർ ഒപ്പിടുന്ന ചടങ്ങിൽ ഒമാൻ സാറ്റ്-1 ഉപഗ്രഹ പദ്ധതിയുടെ മോഡൽ അവതരിപ്പിച്ചപ്പോൾ
മസ്കത്ത്: ചരിത്രത്തിൽ ആദ്യമായി വാർത്തവിനിമയ ഉപഗ്രഹ പദ്ധതിയുമായി ഒമാൻ. രാജ്യത്തെ കമ്യൂണിക്കേഷൻ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, ഡിജിറ്റൽ സ്വാധീനം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഒമാൻ രാജ്യത്തെ ആദ്യ വാർത്തവിനിമയ ഉപഗ്രഹമായ ഒമാൻ സാറ്റ്-1 പദ്ധതിക്കൊരുങ്ങുന്നത്. ഉപഗ്രഹം നിർമിക്കാനും വിക്ഷേപിക്കാനും എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി ഒമാൻ സർക്കാർ കരാർ ഒപ്പുവെച്ചു. ലോകത്തെ മുൻനിര വിമാന നിർമാണ കമ്പനിയായ എയർ ബസിന്റെ സബ്സിഡിയറി കമ്പനിയാണ് എയർബസ് ഡിഫൻസ് ആൻഡ് സ്പേസ്. കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രിയായ എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലിയും എയർബസ് സ്പേസ് സിസ്റ്റംസ് സി.ഇ.ഒ അലൻ ഫോറേയും പങ്കെടുത്തു.
ഉയർന്ന ശേഷിയിൽ കെ.എ-ബാൻഡ് ഫ്രീക്വൻസിയിൽ എയർബസ് രൂപകൽപന ചെയ്യുന്ന ‘ഒമാൻ സാറ്റ് -1’ പരിധിയിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും സമുദ്രമേഖലയെയും മിഡിലീസ്റ്റ്, കിഴക്കൻ ആഫ്രിക്ക, ഏഷ്യൻ മേഖലയും ഉൾപ്പെടും. പൂർണമായ ഡിജിറ്റൽ സൗകര്യമുള്ളതിനാൽ ഭ്രമണപഥത്തിലിരിക്കെ തന്നെ ഉപഗ്രഹത്തെ പുനഃക്രമീകരിക്കാനും സാധിക്കും. കരാർ പ്രകാരം, പദ്ധതി നടപ്പാക്കലും ലോഞ്ചിന് ശേഷമുള്ള പ്രവർത്തനങ്ങളും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്പേസ് കമ്യൂണിക്കേഷൻസ് ടെക്നോളജീസ് (എസ്.സി.ടി) കൈകാര്യം ചെയ്യും. പദ്ധതിയുടെ സാങ്കേതിക-ഭരണപരമായ മേൽനോട്ടത്തിനായി മന്ത്രാലയം കമ്പനിക്കുള്ളിൽ പ്രത്യേക പ്രോജക്ട് മാനേജ്മെന്റ് ഓഫിസ് രൂപവത്കരിച്ചിട്ടുണ്ട്.
‘ദേശീയ കമ്യൂണിക്കേഷൻ-ഡേറ്റാ സേവനങ്ങൾ സ്വയംപര്യാപ്തമായി, സുരക്ഷിതമായി നൽകാൻ ശേഷിയുള്ള ബഹിരാകാശ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിലൂടെ ഒമാന്റെ ഡിജിറ്റൽ സ്വാധീനം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി അൽ മഅ്വാലി പറഞ്ഞു. ഉപഗ്രഹത്തിന്റെ ഡിസൈൻ മുതൽ നിർമാണം, പരിശോധന, ഓപറേഷൻ എന്നിവയടക്കമുള്ള എല്ലാ ഘട്ടങ്ങളിലും ഒമാനി യുവാക്കളെ പരിശീലിപ്പിക്കുന്ന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായ ചെറുകിട- ഇടത്തരം കമ്പനികൾ വിതരണ ശൃംഖലയിൽ പങ്കാളികളാകുന്നതിനുള്ള അവസരങ്ങളും സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.