മസ്കത്ത്: മസ്കത്തിൽനിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ ജൂലൈ രണ്ടു മുതൽ പുനരാരംഭിക്കുന്നു. ഒരു വർഷത്തോളമായി നിർത്തിവെച്ച സർവിസാണ് പുനരാരംഭിക്കുന്നത്. മസ്കത്തിൽനിന്ന് കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, ഡല്‍ഹി സെക്ടറുകളിലേക്കുള്ള സർവിസുകൾ മാർച്ച് മൂന്നു മുതൽ പുനരാരംഭിക്കുമെന്നായിരുന്നു ആദ്യം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നത്.
എന്നാൽ, മേഖലയിൽ സംഘർഷം തുടർന്നതോടെ ഈ പ്രഖ്യാപനം റദ്ദാക്കുകയായിരുന്നു. പിന്നീട് മുംബൈ, ഡൽഹി, കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സർവിസുകളെല്ലാം എയർ ഇന്ത്യ എക്സ്പ്രസ് ഘട്ടംഘട്ടമായി പുനരാരംഭിച്ചു. ജൂലൈ രണ്ടു മുതൽ സലാലയിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവിസുകളും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മംഗളൂരു സർവിസ് കൂടി പുനരാരംഭിക്കുന്നത്.
ജൂലൈ രണ്ടു മുതലുള്ള ഷെഡ്യൂൾ പ്രകാരം, മസ്കത്തിൽനിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ മംഗളൂരുവിലേക്കും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മസ്കത്തിലേക്കുമാണ് സർവിസ്. ചൊവ്വാഴ്ച പുലർച്ചെ 2.15ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന IX 0892 രാവിലെ 6.50ന് മംഗളൂരുവിലെത്തും. വെള്ളിയാഴ്ച പുലർച്ചെ 2.55ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന IX 0892 വിമാനം രാവിലെ 7.45ന് മംഗളൂരുവിലെത്തും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി 11.25ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന IX 0891 വിമാനം പുലർച്ചെ 1.15ന് മസ്കത്തിലെത്തിച്ചേരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് പ്രതിദിന സർവിസും വൈകാതെ ആരംഭിക്കും.
അതേസമയം, സലാലയിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവിസ് പുനരാരംഭിക്കുന്നുണ്ടെങ്കിലും കൊച്ചി സർവിസിന്റെ കാര്യത്തിൽ തീരുമാനമായില്ല. മസ്കത്തിൽനിന്നുള്ള തിരുച്ചിറപ്പള്ളി സർവിസും പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന സൂചന.
യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ (www.airindiaexpress.com) വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാനാകും. തത്സമയ അറിയിപ്പുകൾക്കായി യാത്രക്കാരുടെ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.