റഷീദ് കൽപറ്റ, സലാല

വയനാടിന്റെ മലയോര ഗ്രാമങ്ങൾ ​ലോകകപ്പ് ഫുട്ബാൾ ആവേശത്തിലാണിപ്പോൾ. രാഷ്ട്രീയവും മതവും മറന്ന് മനുഷ്യരെ ഒന്നിപ്പിക്കുന്ന കാൽപന്തുകളിയുടെ മാന്ത്രികതയെക്കുറിച്ച് പറയുമ്പോൾ, പൊഴുതനയിലെ ചായത്തോട്ടങ്ങൾക്കിടയിൽ നിന്നും ഒരു പഴയകാല ഫുട്ബാൾ കളിക്കാരൻ എന്ന നിലക്ക് മറക്കാൻ പറ്റാത്ത നിരവധി ഓർമകളാണ് കടന്നുവരുന്നത്

വേൾഡ് കപ്പ് ഓർമകളുടെ ചരിത്രത്താളുകളിൽ 1986-ലെ മെക്സിക്കോ ലോകകപ്പ് എന്നും ഒരു വിസ്മയമാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ മിന്നും പ്രകടനത്തിലൂടെയാണ് ഒരു തലമുറയുടെ മനസ്സിലേക്ക് അർജന്റീന എന്ന രാജ്യം കുടിയേറുന്നത്. ‘ദൈവത്തിന്റെ കൈ’ ഗോളും, നൂറ്റാണ്ടിന്റെ ഗോളും പിറന്ന ആ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.

വയനാട് ജില്ലയിലെ പൊഴുതന എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതം ലയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. അന്നത്തെ കടുത്ത പ്രതിസന്ധികൾക്കിടയിലും ഫുട്ബാൾ എന്ന വികാരം അവരെ ജീവിപ്പിച്ചു.

കോരിച്ചൊരിയുന്ന മഴയത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള പാറക്കുന്ന് പ്രദേശത്ത് ചായത്തോട്ടത്തിലെ തേയില തൂക്കുന്ന സ്ഥലമായ മസ്റ്റർ ഓഫിസിലെ ഓപൺ ഹാളിലായിരുന്നു അന്ന് കളി കാണാൻ ആളുകൾ ഒത്തുകൂടിയിരുന്നത്. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലായിരുന്നു. എല്ലാവരുടെയും നെഞ്ചിടിപ്പ് ആ പന്തിനൊപ്പമായിരുന്നു. അടിക്കുന്ന കാറ്റിൽ പോകുന്ന ഫീസ് കെട്ടാൻ നേരം വെളുക്കുമ്പോൾ കളി മറ്റൊരു ദിശയിലേക്ക് മാറിയിരിക്കും എല്ലാം ഒരു ആവേശത്തിൽ ഉൾക്കൊണ്ട ആ നല്ല കാലം ജീവിതത്തിൽ ലഭിച്ച പുണ്യമായി കരുതുന്നു

1986-ലെ അർജന്റീന- ജർമനി ഫൈനൽ മത്സരം. 2022-ൽ ഖത്തറിൽ നടന്ന അർജന്റീന - ഫ്രാൻസ് ഫൈനൽ പോലെ തന്നെ കാണികളെ മുൾമുനയിൽ നിർത്തിയ ഒന്നായിരുന്നു. അന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജർമനിയെ തറപറ്റിച്ച് അർജന്റീന ലോകകിരീടം ചൂടിയപ്പോൾ, ആ ആഹ്ലാദം ദിവസങ്ങളോളമാണ് ലോകത്തോടൊപ്പം പൊഴുതനയിലെ തോട്ടം തൊഴിലാളികളും ആഘോഷിച്ചത്. അന്ന് നെഞ്ചിലേറ്റിയ അർജന്റീനയുടെ നീലയും വെള്ളയും ജഴ്സി, പിന്നീട് വന്ന ബാറ്റിസ്റ്റ്യൂട്ടയിലൂടെയും ഇപ്പോൾ തന്റെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സിയിലൂടെയും ഇന്നും മായാതെ ജ്വലിച്ചു നിൽക്കുന്നു.

Tags:    
News Summary - Everyone's heartbeat was with that ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.