കെ.വി. മജീദ്
മത്ര: നാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതോടെ പ്രവാസ ലോകത്തും വിഷയം ചൂട് പിടിച്ചു തുടങ്ങിയിട്ടുണ്ട്. പ്രവാസിയായിക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ആദ്യ ഊഴത്തില്‍ തന്നെ വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെ ആവുകയും ചെയ്ത ഒരു പ്രവാസിയുണ്ട് മത്രയില്‍. നാല് പതിറ്റാണ്ടു കാലമായി മത്ര സൂഖിലെ റെഡിമെയ്ഡ് വസ്ത്ര വ്യാപര രംഗത്തുള്ള കെ.വി. മജീദ് എന്ന മജീദ് കൊടക്കല്ലിനാണ് ഇത്തരമൊരു അനുഭവം പറയാനുള്ളത്. മത്രയില്‍ നിന്ന് പരിചയക്കാരോടൊക്കെ രാഷ്ട്രീയ തര്‍ക്ക കുതര്‍ക്കങ്ങളില്‍ ഏര്‍പെട്ട് എതിരാളികളുടെ വായ അടപ്പിച്ച് മാത്രം പരിചയമുള്ള രാഷ്ട്രീയ ബന്ധവുമായാണ് മജീദ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
കോവിഡ് കാലത്ത് മത്ര സൂഖ് അടച്ചിട്ടപ്പോള്‍ മൂന്ന് മാസം ലോക്ഡൗണില്‍ കിടന്ന് ആകെ പ്രയാസപ്പെട്ടപ്പോഴാണ് വന്ദേഭാരത് മിഷന്റെ വിമാനത്തില്‍ നാട് പിടിക്കാന്‍ ഇടം ലഭിച്ചത്. പഴയതുപോലെ ഇനിയൊരു പ്രവാസ ജീവിതം കോവിഡാനന്തരം ഉണ്ടാകില്ലെന്നൊക്കെയാണ് അന്ന് കരുതിയത്. കോവിഡ് വരുത്തിവെച്ച ഭീതി അക്കാലത്ത് അത്രക്കായിരുന്നു. അങ്ങിനെയിരിക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയത്. തെന്നല ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് അനുയോജ്യനായ ആളെ നോക്കുന്ന സമയത്താണ് അവധിക്ക് നാട്ടിലെത്തിയതും മത്സരിക്കാനുള്ള നിയോഗമുണ്ടായതും. കന്നിയങ്കത്തിൽ തന്നെ വിജയിച്ചു .
പിന്നീട് നാട്ടുകാരുടെ ഇഷ്ടപ്പെട്ട മെമ്പറായി തന്നാലാവുന്ന വിധം ജനസേവനം നിര്‍വ്വഹിച്ചു. ഒരു വാര്‍ഡിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നല്കുന്നതില് പരമാവധി പരിശ്രമിച്ചു. അതിനായി സ്വന്തം കയ്യില്‍ നിന്ന് വരെ കാശ് ചിലവാക്കി. ഭരണകാലാവധി പൂര്‍ത്തിയാക്കി സംതൃപ്തിയോടെയാണ് കളം വിട്ടത്. വശ്യങ്ങളുമായി വന്ന ജനങ്ങളെ പരിഗണിച്ചു. പറ്റാവുന്നത്ര ഉപകാരങ്ങള്‍ ചെയ്തു ചാരിതാര്‍ത്യത്തോടെയാണ് പടിയിറങ്ങിയത്.
വാര്‍ധക്യ പെന്ഷന് വേണ്ടുന്ന ഒത്താശകളൊക്കെ ചെയ്തു കൊടുത്ത് അത് പാസായി വന്നപ്പോള്‍ അര്‍ഹരായ പാവപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങളും മുഖത്ത് പ്രകാശിക്കാറുള്ള ചിരിയും ഏറെ സന്തോഷം പകരുന്ന അനുഭവമായിരുന്നു. രാഷ്ട്രീയം നന്നായി സംസാരിക്കാന്‍ അറിയുമെങ്കിലും രാഷ്ട്രീയക്കാരുടെ ചക്കളത്തിപ്പോര് അറിയാത്തതിനാല്‍ വീണ്ടുമൊരു അങ്കത്തിന് ശ്രമിച്ചില്ല. അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലമുള്ളത് കൊണ്ട് കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കാനും ഇഷ്ടപ്പെട്ടില്ല. പുതുമുഖങ്ങള്‍ക്ക് വഴിമാറിക്കൊണ്ട് ഇപ്പോഴും പ്രവാസിയായി തുടരുന്നു. പ്രഫഷനല്‍ രാഷ്ട്രീയം കളിക്കാനറിയുന്നവര്ക്ക് മാത്രമേ നാട്ടിലെ രാഷ്ട്രീയ ഗോദയില്‍ പിടിച്ച് നില്‍ക്കാനാകൂ എന്നാണ് മജീദ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.