ദാഹിറ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസിന്റെ നഴ്സറിയിൽ ഒരുക്കിയിരിക്കുന്ന തൈകൾ
ഇബ്രി: കർഷകരെ പിന്തുണക്കുന്നതിന്റെ ഭാഗമായി ദാഹിറ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസിന്റെ പാസ്റ്ററൽ നഴ്സറി 8000ത്തിലധികം തൈകൾ വിതരണം ചെയ്തു. ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് കന്നുകാലി വളർത്തുന്നവർ, ഗ്രാമീണ സ്ത്രീകൾ, കർഷകർ, നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുൾപ്പെടെ 385 ഗുണഭോക്താക്കൾക്കായാണ് ഇത്രയും തൈകൾ നൽകിയത്. കൃഷിയെയും തേനീച്ച വളർത്തലിനെയും ആശ്രയിക്കുന്ന സമൂഹങ്ങളെ നേരിട്ട് പിന്തുണക്കുന്ന ഈ സംരംഭത്തിലൂടെ സൗജന്യമായാണ് തൈകൾ നൽകിയത്.
വിതരണം ചെയ്ത ഇനങ്ങളിൽ ഉയർന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ മൂല്യമുള്ള ഇനങ്ങളായ സിദ്ർ, സമർ, ഗാഫ്, ഷോവ, സർഹ്, മൊറിംഗ, ബംബർ, പാർക്കിൻസോണിയ, ഹെന്ന, തൽഹ്, ചാസ്റ്റെബെറി, കരോബ്, ഫ്രാങ്കിൻസെൻസ് എന്നിവ ഉൾപ്പെടുന്നു. മണ്ണിന്റെ സംരക്ഷണം, പച്ചപ്പ് വർധിപ്പിക്കൽ, വന്യജീവികളെ പിന്തുണക്കൽ, പ്രാദേശിക തേൻ ഉൽപാദനം, പ്രത്യേകിച്ച് വിലയേറിയ സിദ്ർ, സമർ തേൻ എന്നിവ വർധിപ്പിക്കുന്നതിൽ ഈ സസ്യങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.
മണ്ണിന്റെ ഫലഭൂയിഷ്ഠതയും കന്നുകാലികളുടെ സുസ്ഥിരതയും മെച്ചപ്പെടുത്തുക മാത്രമല്ല, ചെറുകിട കർഷകരെ പിന്തുണച്ചും ഉയർന്ന നിലവാരമുള്ള പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിച്ചും വിശാലമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കുക കൂടിയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു
പ്രാദേശിക പരിസ്ഥിതിയുടെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാണ് പാസ്റൽ സസ്യങ്ങൾ എന്ന് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു. കാരണം അവ സ്വാഭാവികമായി വളരുകയും കഠിനമായ കാലാവസ്ഥയെ അതിജീവിക്കുകയും മണ്ണ് സംരക്ഷണത്തിനും സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥ വർധിപ്പിക്കുന്നതിനും വന്യജീവികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.