മസ്കത്ത്: 2025-ൽ ഒമാനിൽ 51,482 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. വാർഷികമായി ലക്ഷ്യമിട്ടിരുന്ന 45,000 തൊഴിൽ -പരിശീലന അവസരങ്ങളെ അപേക്ഷിച്ച് 114 ശതമാനം നേട്ടമാണ് കൈവരിച്ചത്.
ദേശീയ തൊഴിൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വിവിധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയുമിടയിലെ ഫലപ്രദമായ സഹകരണമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ റീപ്ലേസ്മെന്റ് പദ്ധതികൾ, പരിശീലനത്തോടൊപ്പം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതികൾ, ഉദ്യോഗാർഥികളുടെ കഴിവുകൾ വർധിപ്പിക്കുന്ന നടപടികൾ എന്നിവ ഉൾപ്പെടുന്ന ഗുണപരമായ പദ്ധതികളും സംരംഭങ്ങളുമാണ് നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, സുസ്ഥിര തൊഴിൽ അവസരങ്ങൾ വിപുലീകരിക്കുന്നതിനായി സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി അടുത്ത സഹകരണവും ഉറപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
സർക്കാർ മേഖലയിൽ ആദ്യ നിയമനവും റീപ്ലേസ്മെന്റും ഉൾപ്പെടെ 11,206 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിച്ചത്. ഇത് ലക്ഷ്യമിട്ടിരുന്ന 10,000 അവസരങ്ങളെ മറികടന്നു. അതേസമയം, സ്വകാര്യ മേഖലയിൽ 25,207 തൊഴിൽ അവസരങ്ങൾ രേഖപ്പെടുത്തി. 24,000 ആയിരുന്നു ലക്ഷ്യമിട്ടത്. പരിശീലനവും പരിശീലനത്തോടൊപ്പം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട്, സർക്കാർ മേഖലയിൽ 2,588 അവസരങ്ങളും സ്വകാര്യ മേഖലയിൽ 12,481 അവസരങ്ങളും സൃഷ്ടിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ നിരക്ക് ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളും സംരംഭങ്ങളും തുടർന്നും നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.