മുഹമ്മദ് കുട്ടി

33 വർഷത്തെ പ്രവാസം, നേടിയതെല്ലാം സൗഭാഗ്യം; നാഥന് നന്ദിയോതി മുഹമ്മദ് കുട്ടി മടങ്ങി

മസ്കത്ത്: ‘സാധാരണ പ്രവാസിയായാണ് ഞാൻ ഒമാനിലെത്തുന്നതും 33 വർഷങ്ങൾക്കിപ്പുറം മടങ്ങുന്നതും. വലിയ സമ്പാദ്യങ്ങ​ളൊന്നുമില്ല. എന്നാൽ, ഒട്ടും നിരാശയുമില്ല. ഈ പ്രവാസകാലയളവിനിടയിൽ നേടിയതെല്ലാം സൗഭാഗ്യമാണ്. എല്ലാത്തിനും പടച്ചനോട് നന്ദി പറയുന്നു....’

ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിന്റെ ആകെത്തുകയാണ് മലപ്പുറം തിരൂരിനടുത്ത് ചേന്നര പെരുന്തിരുത്തി കൊളങ്കരിയിൽ മുഹമ്മദ് കുട്ടിയുടെ (61) ഈ വാക്കുകൾ. ‘ഗൾഫ് മാധ്യമത്തോട് സംസാരിക്ക​വെ, മുഹമ്മദ് കുട്ടിയുടെ വാക്കുകളിൽ പ്രവാസ ജീവിതം നൽകിയ സംതൃപ്തി നിറയുന്നു. മസ്കത്ത് മുൻ ഗവർണറും രാജകുടുംബാംഗവുമായിരുന്ന സയ്യിദ് തുവൈനി ബിൻ ശിഹാബിന്റെ പാലസിൽ വിവിധ ജോലികൾ ചെയ്തിരുന്ന മുഹമ്മദ് കുട്ടി, സുരക്ഷാ ജീവനക്കാരനായാണ് ജോലി അവസാനിപ്പിച്ച് മടങ്ങുന്നത്.

ജ്യേഷ്ഠൻ മുഹമ്മദ് കോയയുടെ ബേക്കറിയിൽ ജീവനക്കാരനായാണ് 1990 കളിൽ മസ്കത്തിലെത്തുന്നത്. 11 വർഷത്തോളം ഇസ്കിയിൽ ജോലിചെയ്തു. തുടർന്നാണ് തിരൂർക്കാരനായ ഷാഫി ഹാജിയുടെ പരിചയത്തിൽ സയ്യിദ് തുവൈനിയുടെ പാലസിൽ ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ പല ജോലികൾചെയ്തു. ജോലിയിൽ പ്രവേശിക്കുന്ന കാലത്ത് അവിടെ ജോലിയുണ്ടായിരുന്നവരിൽ 80 ശതമാനം പേരും മലയാളികളായിരുന്നു. ഒരു കുടുംബം പോലെയാണ് എല്ലാവരും കഴിഞ്ഞിരുന്നത്. 25 ഏക്കർ തോട്ടമാണ് പാലസ് വളപ്പിലുള്ളത്. വിവിധ തോട്ടങ്ങളും പഴവർഗങ്ങളും വളർത്തുമൃഗങ്ങളും എല്ലാം ഉൾക്കൊള്ളുന്ന ലോകം.

ആട്, മാൻ, കുതിര, കുരങ്ങ്, മയിൽ, കോഴി, പൂച്ച തുടങ്ങ സകലമാന ജീവികളെയും അവിടെ വളർത്തിയിരുന്നു. 250 ലേ റെ ഈത്തപ്പനകൾ തന്നെയുണ്ട്. ഞാവൽപഴം, സീതപ്പഴം, തണ്ണിമത്തൻ, ഷമാം, കരിമ്പ്, പപ്പായ, സപ്പോട്ട, പഴങ്ങൾ തുടങ്ങിയവയുമുണ്ട്. ഇവയെല്ലാം അന്തേവാസികൾക്കുള്ളതാണ്. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞലോകം വല്ലാതെ ഇഷ്ടപ്പെട്ടതും തന്നെ പിടിച്ചുനിർത്താൻ കാരണമായതായി മുഹമ്മദ് കുട്ടി പറഞ്ഞു. അവസാനത്തെ ഏതാനും വർഷങ്ങൾ ഗേറ്റിന് സമീപം സുരക്ഷ ജോലിയായിരുന്നു. ഒറ്റക്കൊരു മുറിയിൽ ഏറെനേരം കഴിയണം.

ചെറിയ തോതിൽ ഏകാന്തതയൊക്കെ തോന്നിത്തുടങ്ങിയപ്പോഴാണ് മടക്കത്തെ കുറിച്ച് ചിന്തിക്കുന്നത്. സയ്യിദ് തുവൈനി അഞ്ചാറുവർഷം മുമ്പ് വിടവാങ്ങി. ഇപ്പോൾ ആ പാലസിൽ മറ്റു മലയാളികളുമില്ല. അവസാനത്തെ മലയാളിയായി മുഹമ്മദ് കുട്ടിയും തിങ്കളാഴ്ച രാത്രയോടെ മടങ്ങി. ഖറുന്നീസയാണ് മുഹമ്മദ് കുട്ടിയുടെ ഭാര്യ. നജിയ, ഹന്ന, ഹാദിയ എന്നിവരാണ് മക്കൾ.  

Tags:    
News Summary - 33 years of exile, everything achieved is a blessing; Muhammed Kutty returns grateful to God

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.