മസ്കത്ത്: രാജ്യത്ത് പുതിയ കിണർ കുഴിക്കാൻ കഴിഞ്ഞ ഡിസംബറിൽ 323 ലൈസൻസ് നൽകി. കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്.
ലൈസൻസ് നേടിയ ഗവർണറേറ്റുകളിൽ ഏറ്റവും മുന്നിലുള്ളത് തെക്കൻ ബാത്തിനയാണ്. 81 ലൈസൻസാണ് തെക്കൻബാത്തിന ഗവർണറേറ്റ് നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് ദാഹിറ ഗവർണറേറ്റാണ്. 76 ലൈസൻസാണ് നേടിയത്. 61 ലൈസൻസുമായി വടക്കൻ ബാത്തിനയാണ് മൂന്നാം സ്ഥാനത്തുള്ളത്. ദാഖിലിയ-52, വടക്കൻ ശർഖിയ്യ- 23, തെക്കൻ ശർഖിയ -21, അൽവുസ്ത, ബുറൈമി-മൂന്ന്, ദോഫാർ-രണ്ട്, മുസന്ദം -ഒന്ന് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകൾ നേടിയ ലൈസൻസുകൾ. വെള്ളം ഉൽപാദിപ്പിക്കുന്നതിനും മറ്റും രാജ്യത്ത് 35 കുടിവെള്ള ഫാക്ടറികളുണ്ടെന്നും കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഫാക്ടറികളിൽ കൂടുതലും മസ്കത്ത് ഗവർണറേറ്റിലാണ്. ഒമ്പത് ഫാക്ടറികളാണ് ഇവിടെയുള്ളത്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഒമ്പത്. നാല് ഫാക്ടറിയുള്ള ദോഫാറാണ് തൊട്ടടുത്ത്. ശേഷിക്കുന്നവ മറ്റു ഗവർണറേറ്റുകളിലാണ്. മറ്റു സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരം ലൈസൻസ് നൽകുന്നത്.
കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020ൽ ഒമാനിൽ ശരാശരി 123 മില്ലിമീറ്റർ മഴ ലഭിച്ചു. 2019ൽ ശരാശരി 183 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. 913 മില്യൺ ക്യുബിക് മീറ്ററാണ് 2020ലെ ഉപരിതല ജലത്തിന്റെ അളവ്. 2019ൽ ഇത് 303 മില്യൺ ക്യുബിക് മീറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.