മസ്കത്ത്: നഗരസഭാ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസിൽ വർധന. ഫെബ്രുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. നേരത്തേ 25റിയാല്‍ മുതൽ 50റിയാല്‍ വരെ ആയിരുന്ന ഫീസുകൾ മൂന്നുമുതൽ നാലുവരെ ഇരട്ടി വർധിച്ചിട്ടുണ്ട്. ടോയ്സ്, ഫുഡ്സ്റ്റെഫ് തുടങ്ങി കടയിൽ വിൽപനക്കുള്ള ഒാരോ വിഭാഗം സാധനങ്ങൾക്കും ഇനം തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. നിശ്ചിത തീയതിക്കകം ലൈസൻസ് പുതുക്കാത്തവർക്കുള്ള പിഴയും ഇരട്ടിയാക്കിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് നഗരസഭ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. റെഡിമെയ്ഡ്, ചെരിപ്പ്, മൊബൈല്‍ഫോൺ, പെര്‍ഫ്യൂംസ് തുടങ്ങിയവ വിൽപന നടത്തുന്ന സ്ഥാപനങ്ങളുടെയൊക്കെ ഫീസ് നിരക്ക് കൂടിയിട്ടുണ്ട്. മലയാളി കച്ചവടക്കാർ കൂടുതലുള്ള മേഖലകളാണ് ഇത്. ബോര്‍ഡിലും ലൈസന്‍സിലും രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ മാത്രമേ ഇനിമുതൽ വില്ക്കാന് പാടുള്ളൂ. അല്ലാത്തവ വില്‍ക്കുന്നുവെങ്കില്‍ അവ എത്രയും വേഗം ലൈസന്‍സില്‍ ചേര്‍ക്കണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്ന നോട്ടീസുകളും നല്‍കുന്നുണ്ട്.
പല ചെറുകിട കച്ചവടക്കാരുടെയും ലൈസൻസിൽ മൂന്നു നാല് ഇനങ്ങൾ വിൽപന നടത്താൻ അനുമതിയുണ്ട്. ഇവർക്ക് പുതുക്കിയ നിരക്ക് കൈപൊള്ളിക്കുന്നതാണ്. കീശ ചോരുമെന്നു കണ്ട് പലരും ചിലയിനങ്ങൾ കാൻസൽ ചെയ്ത് ആവശ്യമുള്ളത് മാത്രമാണ് നില നിർത്തിയിരിക്കുന്നത്. ചെരിപ്പ് കട 250 റിയാൽ, മൊബൈൽ ഷോപ്പ് 150, റെഡിമെയ്ഡ് 150, പെർഫ്യൂം മൊത്ത വിൽപന 250 എന്നിങ്ങനെയാണ് പുതിയ ഫീസ് നിരക്കുകൾ. നേരത്തേ നൂറ് മുതൽ 150 റിയാൽ വരെ ചെലവുവന്നിരുന്ന ബലദിയയുടെ ലൈസൻസിങ് അടക്കം നടപടിക്രമങ്ങൾക്ക് ഇനി മുന്നൂറും നാനൂറും റിയാൽ വേണ്ടിവരും.
ലൈസന്‍സ് ഉണ്ടായിട്ടും കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിയിട്ടാല്‍ ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. രാജ്യത്തെ മറ്റു നഗരസഭാ പരിധികളിലും ലൈസൻസിങ് ഫീസിൽ വർധന വരുത്തിയിട്ടുണ്ടെന്നും വാർത്തകളുണ്ട്.
ചില ബിസിനസുകളുടെ െലെസൻസിങ് ഫീസിൽ വർധനവരുത്തിയതായി നഗരസഭ വക്താവിനെ ഉദ്ധരിച്ച് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വർഷങ്ങളായി ഒരേ ഫീസ് തന്നെ ഇൗടാക്കിവരുന്നതാണ് ഇതിൽ പലതും. വർഷങ്ങളായുള്ള പണപ്പെരുപ്പവും മറ്റും നിരക്ക് വർധനയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിശദീകരണത്തിൽ നഗരസഭാ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.