ഒമാനില്‍ കൊഞ്ച്  സീസണ് തുടക്കമായി

മസ്കത്ത്: ഒമാനില്‍ ഈ വര്‍ഷത്തെ കൊഞ്ച്  സീസണ്‍ ആരംഭിച്ചു. ദോഫാര്‍, അല്‍ വുസ്ത, ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീരങ്ങളിലാണ് കൂടുതല്‍ കൊഞ്ച്  ലഭിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് കൊഞ്ചിനെ പിടിക്കാന്‍ മല്‍സ്യതൊഴിലാളികള്‍ക്ക് അനുവാദമുള്ളത്. ചെമ്മില്‍ സമ്പത്തിന് നാശം വരാതിരിക്കാനും ഉല്‍പാദനം കുറയാതിരിക്കാനും നിരവധി നിയന്ത്രണങ്ങളാണ് കാര്‍ഷിക മല്‍സ്യ വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. മേഖല സൂക്ഷ്മമായി നിരീക്ഷിക്കുകയും മീന്‍പിടുത്ത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത മീന്‍ പിടുത്തക്കാരോട് മത്സ്യ ബന്ധന നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. മുട്ടയിടുന്ന കൊഞ്ചുകളെ പിടിക്കരുതെന്നും എട്ട് സെന്‍റീമീറ്ററില്‍ താഴെ വലിപ്പ്മമുള്ളവയെ  വളരാന്‍ അനുവദിക്കണമെന്നും അധികൃതരുടെ നിര്‍ദേശത്തിലുണ്ട്. 
കൊഞ്ച് സംരക്ഷണ വിഷയത്തില്‍ മന്ത്രാലയം എല്ലാ തരത്തിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങളും ബോധവത്കരണവും നടത്തുന്നുണ്ട്. 
മീന്‍ പിടുത്ത നിയന്ത്രണം, ഗവേഷണം, വിവരങ്ങള്‍ ശേഖരിക്കല്‍ എന്നിവയും മന്ത്രാലയത്തിന്‍െറ ചുമതലയിലുണ്ട്. മല്‍സ്യ ബന്ധന നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല  മന്ത്രാലയത്തിലെ ഫിഷറീസ് കണ്‍ട്രോള്‍ ആന്‍റ് ലൈസന്‍സിങ് വിഭാഗത്തിനാണ്. 
ചെമ്മീനുകളുടെ അളവില്‍ വന്‍ കുറവാണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു.  ഇതിന്‍െറ അടിസ്ഥാനത്തില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒഴിച്ച് ഇവയെ പിടിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. അശാസ്ത്രീയമായുള്ള മല്‍സ്യ ബന്ധന രീതികള്‍ ഇവയുടെ വംശ നാശത്തിന് കാരണമാക്കുമെന്നും മന്ത്രാലയം കണ്ടത്തെിയിരുന്നു. 2008ല്‍ രണ്ടായിരം ടണ്‍ കൊഞ്ചാണ് ഒമാന്‍ കടലില്‍ നിന്ന് പിടിച്ചത്. എന്നാല്‍ 2011 ല്‍ ഇത് 158 ടണ്ണായി കുറഞ്ഞു. 2013 ലെ കണക്കനുസരിച്ച് കൊഞ്ചിന്‍െറ എണ്ണം ഗണ്യമായി കുറഞ്ഞതായി കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അധികൃതര്‍ നിയമം ശക്തമാക്കിയത്. 
നേരത്തെ ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയായിരുന്നു സീസണ്‍. 2010 മുതലാണ് ഇത് മാര്‍ച്ച്, ഏപ്രില്‍ മാസമായി നിശ്ചയിച്ചത്. അശാസ്ത്രീയ രീതികള്‍ കാരണം എണ്ണം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്ത് 2009ല്‍ കൊഞ്ചിനെ പിടിക്കുന്നത് പൂര്‍ണമായി നിരോധിച്ചിരുന്നു. 
സഫേല കഴിഞ്ഞാല്‍ രാജ്യത്തിന്  ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കി കൊടുക്കന്നതാണ് കൊഞ്ചുകള്‍. 2008ല്‍ ആറ് ദശലക്ഷം റിയാലിന്‍െറ വരുമാനമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് ഇത് ഗണ്യമവായി കുറയുകയായിരുന്നു. അമ്പത് ശതമാനത്തിലധികം കൊഞ്ചുകളും ദോഫാര്‍ ഗവര്‍ണറേറ്റിലും പിന്നീട് അല്‍ വുസ്തയിലുമാണ് കാണപ്പെടുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.