ഈത്തപ്പഴ മേഖലയില്‍ കൂടുതല്‍ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതി

മസ്കത്ത്: ഈത്തപ്പഴത്തിന്‍െറ വാണിജ്യ സാധ്യതയെ പൂര്‍ണമായി പ്രയോജനപ്പെടുത്തുംവിധം കൂടുതല്‍ വ്യവസായങ്ങള്‍ക്ക് മുതല്‍മുടക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കാര്‍ഷിക ഫിഷറീസ് മന്ത്രാലയവും ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനിയും ചേര്‍ന്നാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 
ഈത്തപ്പഴ ഉല്‍പാദനവും വിപണനവും വര്‍ധിപ്പിക്കുന്നതിന് ഒപ്പം ഈത്തപ്പഴത്തില്‍നിന്നുള്ള അനുബന്ധ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനായി കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഈത്തപ്പഴത്തില്‍നിന്നുള്ള ഭക്ഷ്യ, ഫാര്‍മസ്യൂട്ടിക്കല്‍ മൂല്യമുള്ള ഉപോല്‍പന്നങ്ങളും ആടുമാടുകള്‍ക്കുള്ള തീറ്റയും ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. രാജ്യത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. ഒമാന്‍െറ മൊത്തം കാര്‍ഷിക ഉല്‍പാദനത്തില്‍ അമ്പത് ശതമാനത്തിലധികമാണ് ഈത്തപ്പഴമാണ്. മൊത്തം എട്ടു ദശലക്ഷത്തിലധികം ഈത്തപ്പനകളാണ് രാജ്യത്തുള്ളത്. 
ഈത്തപ്പഴത്തില്‍നിന്ന് വിനാഗിരി, മെഡിക്കല്‍ ആല്‍ക്കഹോള്‍, എന്നിവ ഉല്‍പാദിപ്പിക്കുന്നതാണ് ആലോചനയില്‍. പ്രതിവര്‍ഷം മൊത്തം മുപ്പതിനായിരം ടണ്ണിന്‍െറ ഉല്‍പാദനമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം അമ്പതിനായിരം ടണ്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കാനും സാധിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നാലു സുപ്രധാന പദ്ധതികള്‍ക്കായി 270 ദശലക്ഷം റിയാലാണ് ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനി മുടക്കുന്നത്. ബുറൈമി ഗവര്‍ണറേറ്റില്‍ ആരംഭിക്കുന്ന മസൂണ്‍ ഡെയറിയാണ് അതില്‍ ഒന്നാമത്തേത്. 
ദാഹിറ ഗവര്‍ണറേറ്റിലെ കോഴിയിറച്ചി ഉല്‍പാദന കേന്ദ്രത്തിന് പുറമെ ദോഫാറിലെ മാട്ടിറച്ചി ഉല്‍പാദന കേന്ദ്രം, പാല്‍ ശേഖരണ സംഭരണ കേന്ദ്രം എന്നിവക്കും ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനി മുതല്‍മുടക്കും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.