ഇന്ധനത്തിന് ഇന്നുമുതല്‍ ചെലവേറും;  റെഗുലര്‍ പെട്രോളിന് 169 ബൈസ

മസ്കത്ത്: അന്താരാഷ്ട്ര വിപണിക്കനുസരിച്ചുള്ള രാജ്യത്തെ ഈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. റെഗുലര്‍, സൂപ്പര്‍ പെട്രോള്‍ വിലക്ക് ഒപ്പം ഡീസല്‍ വിലയിലും വര്‍ധനയുണ്ട്. സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ ഒമ്പത് ബൈസ വീതവും റെഗുലര്‍ പെട്രോള്‍ വിലയില്‍ എട്ട് ബൈസയുടെയും വര്‍ധനയാണ് വരുത്തിയത്. 
സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 179 ബൈസയും റെഗുലറിന് 169 ബൈസയും ഡീസലിന് 185 ബൈസയുമാണ് പുതുക്കിയ നിരക്കെന്ന് എണ്ണ-പ്രകൃതിവാതക മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ മാസം സൂപ്പര്‍ ഇനത്തിന് 170 ബൈസയായിരുന്നു വില. റെഗുലറിന് 161 ബൈസയും ഡീസലിന് 176 ബൈസയുമായിരുന്നു വില. ആഗസ്റ്റില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവുവരുത്തിയിരുന്നു. ജനുവരിയില്‍ വിലനിയന്ത്രണാധികാരം ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു ജൂണിലുണ്ടായത്. സൂപ്പര്‍ വില 180 ബൈസയായും റെഗുലറിന്‍േറത് 177 ബൈസയായും ഡീസല്‍വില 185 ബൈസയായുമാണ് ജൂണില്‍ വര്‍ധിപ്പിച്ചത്. പുതിയ വിലവര്‍ധനവോടെ ജൂണിലെ വിലയ്ക്ക് സമീപത്തേക്ക് ഇന്ധന വില എത്തിയിട്ടുണ്ട്. ഇത് വിപണിയില്‍ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരക്കുവാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ പഴം, പച്ചക്കറി വിപണികളെയാകും വിലവര്‍ധന ആദ്യം ബാധിക്കുക. ഇന്ധന വിലനിയന്ത്രണം നീക്കിയ ശേഷം രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിവരുന്നുണ്ട്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള ആഗസ്റ്റിലെ പണപ്പെരുപ്പ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.34 ശതമാനത്തിന്‍െറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭക്ഷണ പാനീയങ്ങളുടെ വിലയില്‍ 1.12 ശതമാനത്തിന്‍െറ കുറവുണ്ടായപ്പോള്‍ ഗതാഗത വിഭാഗത്തിലാണ് ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയത്. 7.25 ശതമാനത്തിന്‍െറ വര്‍ധനയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. ഇന്ധനവില കൂടിയതോടെ സാധാരണ പെട്രോളിന്‍െറ ഉപഭോഗം രാജ്യത്ത് കുതിച്ചുയരുകയാണ്. ഈ വര്‍ഷത്തെ ആദ്യ ഏഴുമാസങ്ങളില്‍ റെഗുലര്‍ പെട്രോള്‍ ഉപഭോഗം 244 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം 9,13,000 ബാരല്‍ ആയിരുന്നത് 3.44 ദശലക്ഷം ബാരല്‍ ആയാണ് ഉയര്‍ന്നത്. സൂപ്പര്‍ പെട്രോള്‍ വില്‍പന 13.16 ദശലക്ഷം ബാരലില്‍നിന്ന് 10.36 ദശലക്ഷം ബാരലായും കുറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.