സുഭാഷിന്‍െറ ഇടപെടല്‍ റജിക്ക് നല്‍കിയത് പുതുജീവന്‍

സലാല: വയനാട് സ്വദേശിയും സലാലയില്‍ പ്രവാസിയുമായ സുഭാഷ് ദുബൈയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി റെജിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ലഭിച്ച വാട്സ്ആപ് സന്ദേശത്തിലൂടെയാണ് റെജിയുടെ പേര് ആദ്യം കേള്‍ക്കുന്നത്. ജയിലില്‍ അടക്കപ്പെട്ട മകന്‍െറ മോചനത്തിന് സഹായം തേടിയുള്ള അമ്മയുടെ വിവരങ്ങളടങ്ങിയതായിരുന്നു ഈ വോയ്സ് ക്ളിപ്. സാധാരണഗതിയില്‍ കേട്ടുതള്ളുന്ന ഒരു സന്ദേശം. എന്നാല്‍, ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തേ അടങ്ങൂ എന്ന് തീരുമാനിച്ചു. പലയിടത്തും വിളിച്ച് കമ്പനി ഉടമയുടെ നമ്പര്‍ സംഘടിപ്പിച്ചു. പിന്നെ വാട്സ് ആപ്പിലൂടെ നിരന്തര ബന്ധപ്പെടല്‍.
അവസാനം, താങ്കള്‍ കാരണം ആരോരുമില്ലാത്ത ഒരമ്മ നാട്ടില്‍ ആത്മഹത്യയുടെ വക്കിലാണെന്ന കാര്യം പരാതിക്കാരനായ കമ്പനി ഉടമയെ സുഭാഷ് ബോധ്യപ്പെടുത്തി. അവര്‍ മരിച്ചാല്‍ അതിന്‍െറ ശാപം താങ്കള്‍ക്കായിരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇത് കേട്ടതോടെ മനസ്സുമാറിയ ഈജിപ്തുകാരനായ കമ്പനി ഉടമ കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ സന്നദ്ധനായി. രണ്ടു മാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ റെജി ഇപ്പോള്‍ നല്ളൊരു കമ്പനിയിലേക്ക് ജോലി മാറാനുള്ള ഒരുക്കത്തിലാണ്. ദുബൈയിലെ ജിപ്സം കമ്പനിയില്‍ ജോലിചെയ്യുകയായിരുന്ന റജി രാജിക്കത്ത് നല്‍കിയ അന്നുതന്നെയാണ് ഈജിപ്തുകാരനായ കമ്പനി ഉടമ സാമ്പത്തിക തിരിമറി ആരോപിച്ച് കേസ് കൊടുത്തത്. ജയിലില്‍ അടക്കപ്പെട്ട അന്നുമുതല്‍ റെജിയുടെ മോചനത്തിനായി കുടുംബം നാട്ടില്‍നിന്ന് ഒരു പാട് വാതിലുകള്‍ മുട്ടിയെങ്കിലും ഫലം കണ്ടില്ല. സലാലയിലിരുന്ന് റജിയുടെ ജയില്‍മോചനത്തിന് വഴിയൊരുക്കിയ സുഭാഷ് എംബസിയെയും ഉദ്യോഗസ്ഥരെയും വിമര്‍ശിക്കുന്നു. സലാലയിലിരുന്ന് തനിക്ക് ഇതിന് സാധിച്ചെങ്കില്‍ നമ്മുടെ എംബസിയും ഉദ്യോഗസ്ഥരും എന്താണ് അവിടെ ചെയ്യുന്നതെന്നാണ് ഈ വയനാട് സ്വദേശിയുടെ ചോദ്യം. സലാലയില്‍നിന്ന് നീ എന്തിന് വിളിക്കണം, ഇവിടെ ആരുമില്ളേ, എന്നെ ആരും ഇതുവരെ ബന്ധപ്പെട്ടില്ലല്ളോ എന്നാണ് ആദ്യത്തില്‍ ഈജിപ്തുകാരന്‍ ചോദിച്ചതെന്ന് സുഭാഷ് ഓര്‍ക്കുന്നു.
സുഭാഷിന്‍െറ ഈ ഒറ്റയാള്‍ ഇടപെടല്‍ റെജിയില്‍ മാത്രം പരിമിതമല്ല. കഴിഞ്ഞദിവസം പൊന്നാനി ജെ.എം.ടിയിലെ ഒരു ആംബുലന്‍സ് ഡ്രൈവര്‍ക്കുണ്ടായ പ്രശ്നത്തിലും ഇയാള്‍ പരിഹാരം കണ്ടത്തെി. റോഡില്‍ അപകടത്തില്‍പെട്ട് കിടന്ന ഒരു കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ച് ഇയാള്‍ വെട്ടിലാകുകയായിരുന്നു. ഈ കുടുംബത്തെയും ഡ്രൈവറെയും രക്ഷിക്കാന്‍ ആരോഗ്യമന്ത്രി മുതല്‍ മുഖ്യമന്ത്രിയെ വരെ വിളിച്ചു. അവസാനം കലക്ടറാണ് ഇതിനൊരു പരിഹാരം കണ്ടതെന്ന് ഇദ്ദേഹം പറയുന്നു.
നിരന്തരം ബന്ധപ്പെട്ടപ്പോള്‍ കലക്ടര്‍ ചോദിച്ചുവത്രെ നിങ്ങള്‍ക്കെന്താണ് ഈ വിഷയത്തില്‍ ഇത്ര താല്‍പര്യമെന്ന്.  ഒരു പ്രവാസിയായ എനിക്കും നാളെ ഈ ഗതി വരാമല്ളോ എന്നായിരുന്നു ഇതിന് സുഭാഷിന്‍െറ മറുപടി.  ദുബൈയില്‍തന്നെ ഹൗസ് മെയ്ഡ് വിസയിലത്തെി കുടുങ്ങിയ ഒരു വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹവും ‘വി ആര്‍ വണ്‍ ഫാമിലി’ എന്ന  വാട്സ് ആപ് ഗ്രൂപ്പും. ഭാര്യ പ്രീതിയോടും മക്കളായ അഖിലേഷ്, കാര്‍ത്തിക എന്നിവര്‍ക്കുമൊപ്പം  സലാലയിലെ അഞ്ചാം നമ്പറിലാണ് താമസം. ആര്‍ട്ടിസ്റ്റായ സുഭാഷ് ഇന്‍റീരിയര്‍ ഡിസൈനിങ് ജോലികള്‍ കരാറെടുത്ത് നടത്തുകയാണ്. ഏതൊരു പ്രവാസിയെയും പോലെ പ്രയാസങ്ങളുടെ ഒരു ഭൂതകാലമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  പ്രേരണയെന്നാണ് ഈ നല്ലവനായ പ്രവാസി പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.