മസ്കത്ത്: രാജ്യത്ത് അടുത്തമാസം ഇന്ധനവില വര്‍ധിക്കുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് പുതുക്കിയ വില ഏപ്രില്‍ ഒന്നു മുതലാകും പ്രാബല്യത്തില്‍ വരുക. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 13 ബൈസയും റെഗുലര്‍ പെട്രോളിന് 15 ബൈസയുമാണ് മാര്‍ച്ചിലെ വിലയില്‍നിന്ന് വര്‍ധിച്ചത്. ഡീസല്‍ വിലയില്‍ 17 ബൈസയുടെയും വര്‍ധനവുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 158 ബൈസയാകും ഈടാക്കുക. നിലവില്‍ 145 ബൈസയാണ് വില. റെഗുലര്‍ പെട്രോളിന് 145 ബൈസയും ഈടാക്കും. നിലവില്‍ 130 ബൈസയാണ്. ഡീസല്‍ വില 146 ബൈസയില്‍നിന്ന് 163 ബൈസയായും ഉയര്‍ത്തി. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്‍െറ ഭാഗമായാണ് ഒമാന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞത്. 17 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ജനുവരി 15 മുതല്‍ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. ജനുവരിയില്‍ വര്‍ധിപ്പിച്ചെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിലയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. ഡീസലിന് ഫെബ്രുവരിയില്‍ മാത്രമാണ് വില കുറച്ചത്. അതേ വിലതന്നെയാണ് മാര്‍ച്ചില്‍ ഈടാക്കിയതും.
ഫെബ്രുവരിയില്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 153 ബൈസയും റെഗുലറിന് 137 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു. സബ്സിഡി ഭാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ധനങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ വിപണിക്ക് വിട്ടുനല്‍കിയത്. കഴിഞ്ഞവര്‍ഷം 580 ദശലക്ഷം റിയാല്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡിക്കായി ചെലവഴിച്ചുവെന്നാണ് കണക്കുകള്‍. ഇത് ബജറ്റ് കമ്മി കുറക്കുന്നതിന് സര്‍ക്കാറിന് സഹായകമാകും. ഇന്ധന വില, പ്രത്യേകിച്ച് ഡീസല്‍ വില വര്‍ധിക്കുന്നതോടെ പല ഉല്‍പന്നങ്ങളുടെയും വില വര്‍ധിക്കാനിടയുണ്ട്. രണ്ടു മാസത്തിന് ശേഷമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. ചരക്കുവാഹനങ്ങളില്‍ ഡീസലാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
അതിനാല്‍, ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ള എല്ലാത്തിന്‍െറയും വിലവര്‍ധനയെ ഡീസല്‍വില ബാധിക്കും. ഇന്ധനവില ഉയരുന്നതോടെ ടാക്സി ഡ്രൈവര്‍മാരും നിരക്ക് വര്‍ധിപ്പിക്കാനിടയുണ്ട്. സര്‍ക്കാര്‍ നിരക്കുകള്‍ നിശ്ചയിച്ചു കൊടുക്കാത്തതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ടാക്സികള്‍ തോന്നിയ നിരക്ക് ഈടാക്കുന്നത് താഴ്ന്നവരുമാനക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.