മസ്കത്ത്: പ്രവാസിയുടെ നോവും നൊമ്പരങ്ങളും പകര്‍ത്തിയ മലയാള സിനിമ പത്തേമാരിക്ക് മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പ്രതികരണം. ചൊവ്വാഴ്ച ആരംഭിച്ച മേളയില്‍ ഇതിനകം നിരവധി രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിക്കുക. ചൊവ്വാഴ്ച രാത്രി മസ്കത്ത് സിറ്റി സെന്‍ററിലും ബുധനാഴ്ച രാത്രി ഹോര്‍മുസ് ഗ്രാന്‍ഡ് ഹോട്ടലിലും സിനിമ പ്രദര്‍ശിപ്പിച്ചു. സംവിധായകന്‍ സലീം അഹ്മദിന്‍െറ സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനങ്ങള്‍. ഇന്ത്യക്കുപുറത്തുള്ള പത്തേമാരിയുടെ ആദ്യ ഫെസ്റ്റിവല്‍ വേദിയാണ് മസ്കത്തിലേത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പത്തേമാരിയെ തഴഞ്ഞതില്‍ നിരാശയില്ല. താന്‍ സിനിമകള്‍ ചെയ്യുന്നത് അവാര്‍ഡുകള്‍ പ്രതീക്ഷിച്ചല്ല. ഓരോ ജൂറിക്കും ഓരോ കാഴ്ചപ്പാടുകളാണുള്ളതെന്നും അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും സലീം അഹ്മദ് പറഞ്ഞു. പത്തേമാരി തങ്ങളുടെ സ്വന്തം സിനിമയായിട്ടാണ് പ്രവാസികള്‍ ഏറ്റെടുത്തത്. മറ്റു രാജ്യങ്ങളിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരോടുള്ള പ്രത്യേക ബഹുമാനം ഇത്തരം സന്ദര്‍ശനം കൊണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതായി സലീം പറഞ്ഞു. മലയാള സിനിമയില്‍ ഗള്‍ഫില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതില്‍ പ്രതീക്ഷയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലും സിനിമാ വ്യവസായം പുരോഗമിക്കുന്നതിന്‍െറ ശുഭ സൂചനകള്‍ കാണുന്നു. ഇറാന്‍പോലെയുള്ള രാജ്യങ്ങള്‍ക്കുപുറമെ ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നും നമുക്ക് നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്നും സലീം അഹ്മദ് പറഞ്ഞു. ഇന്നലെ മസ്കത്തിന്‍െറ പ്രകൃതിഭംഗി കാണാന്‍ ഇറങ്ങിയ അദ്ദേഹം മസ്കത്തിലെ സിനിമാ ചിത്രീകരണത്തിന്‍െറ സാധ്യതകള്‍ വിലയിരുത്തി. മസ്കത്തിലെ പ്രമുഖ സിനിമാ താരങ്ങളുമായും മറ്റ് അണിയറ പ്രവര്‍ത്തകരുമായും സാംസ്കാരിക മന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.