മഴ തുടങ്ങി; ചൊവ്വാഴ്ച ശക്തമാവും

മസ്കത്ത്:  ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മഴ ലഭിച്ചു. ഇന്നുമുതല്‍ മഴ ശക്തമാവാനാണ് സാധ്യത. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയും വെള്ളപ്പൊക്കവും ഇടിമിന്നലും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബഹ്ല, യങ്കല്‍, ശര്‍ഖിയ്യ, ഇബ്രി, ഇബ്ര, മുദൈബി, ബുറൈമി എന്നിവിടങ്ങളിലാണ് മഴ  ലഭിച്ചത്. അല്‍ കാമില്‍, ബനീ ബൂഅലി, ബനീ ബൂ ഹസന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മഴ കാരണം വന്‍ വാദികളുണ്ടായത് ഗതാഗത തടസ്സമുണ്ടാവാനും കാരണമായി. മസ്കത്ത് ഗവര്‍ണറേറ്റ് അടക്കമുള്ള പല മേഖലകളിലും ഞായറാഴ്ച  രാവിലെ മുതല്‍ തന്നെ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. രാത്രിയോടെ എപ്പോഴും മഴ പെയ്തേക്കാവുന്ന സാധ്യതയാണ് പലേടത്തും. ഇതുസംബന്ധമായ ബുള്ളറ്റിന്‍ അധികൃതര്‍ പുറത്തിറക്കും. ഇന്ന് മുതലാണ് പരക്കെ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. 
ചൊവ്വാഴ്ച പല ഭാഗങ്ങളിലും കനത്ത മഴ ലഭിക്കാനാണ് സാധ്യത. രാജ്യത്തിന്‍െറ വടക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. രാജ്യത്തിന്‍െറ കിഴക്കന്‍ ഭാഗങ്ങളിലും യു.എ.ഇയിലും ഇറാന്‍െറ ചില ഭാഗങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി അക്യു വെതര്‍ കോം കാലാവസ്ഥാ നിരീക്ഷകന്‍ അഡം ഡൗട്ടി പറഞ്ഞു. സൗദി അറേബ്യയിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കുന്നു. മസ്കത്തിന്‍െറ പടിഞ്ഞാറുഭാഗത്തുള്ള പര്‍വതങ്ങളിലാണ് ശക്തമായ മഴ ലഭിക്കുക. ഇത് വെള്ളപ്പൊക്കത്തിന് കാരണമാക്കും. 
ഇടിമിന്നലോടെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടവിട്ട് ശക്തമായ മഴയുണ്ടാവാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മസ്കത്ത്, മുസന്തം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഉച്ചക്കുശേഷമാണ് ശക്തമായ മഴക്ക് സാധ്യത. ചില ഭാഗങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ കാഴ്ചപ്പരിധി കുറയും. ഇത് അപകടങ്ങള്‍ക്ക് കാരമാക്കുമെന്ന് അധികൃതര്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വാദിയില്‍ ഇറങ്ങരുതെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധമായി അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.