അഞ്ചാമത് അറബ്-ഇന്ത്യന്‍ പങ്കാളിത്ത സമ്മേളനം മേയ് 10 മുതല്‍

മസ്കത്ത്: ഇന്ത്യയും അറബ്രാഷ്ട്രങ്ങളും തമ്മിലെ സൗഹാര്‍ദവും വ്യാപാര വാണിജ്യബന്ധങ്ങളും വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അറബ്-ഇന്ത്യ പങ്കാളിത്ത സമ്മേളനം മെയ് പത്ത്, 11 തീയതികളില്‍ മസ്കത്തില്‍ നടക്കും. അഞ്ചാമത് സമ്മേളനത്തിനാണ് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖല, ഭക്ഷ്യസുരക്ഷിതത്വം, വിനോദസഞ്ചാരം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാകും ഈ വര്‍ഷത്തെ സമ്മേളനം ഊന്നല്‍ നല്‍കുക. നൂതനാശയങ്ങളിലെയും  വിവര സാങ്കേതികവിദ്യയിലെയും സഹകരണം എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍െറ ആതിഥേയര്‍ ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ആണ്. അഞ്ഞൂറോളം അറബ്, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, അക്കാദമിക വിദഗ്ധര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍റുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, അറബ്ലീഗ് സെക്രട്ടേറിയറ്റ്, അറബ് രാഷ്ട്രങ്ങളിലെ ജനറല്‍ യൂനിയന്‍ ഓഫ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഫെഡറേഷന്‍ ഓഫ് ദി അറബ് ബിസിനസ് എന്നിവയുടെ സംയുകതാഭിമുഖ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സെയ്ദ് ബിന്‍ സാലിഹ് അല്‍ കിയൂമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
നിലവില്‍ ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തെ കൂടുതല്‍ വിപുലമായ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് അല്‍ കിയൂമി അറിയിച്ചു. വാണിജ്യ, സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യ അറബ് രാഷ്ട്രങ്ങളുടെ പ്രത്യേകിച്ച്, ഒമാന്‍െറ പ്രധാന പങ്കാളിയാണ്. എണ്ണവിലയിടിവിനെ തുടര്‍ന്ന് അറബ് രാഷ്ട്രങ്ങള്‍ സ്വദേശി, വിദേശി മൂലധന നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് സമ്പദ്മേഖലയുടെ വൈവിധ്യവത്കരണത്തിന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നിലവിലെ സമ്മേളനത്തിന് പ്രസക്തിയേറെയാണെന്ന് കിയൂമി പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിനൊപ്പം നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ എന്‍ജിനീയര്‍ റെദാ ബിന്‍ ജുമാ അല്‍ സാലെഹ് പറഞ്ഞു. ഉപപ്രധാനമന്ത്രിയുടെ ഓഫിസിലെ അസി. സെക്രട്ടറി ജനറല്‍ സയ്യിദ് കാമില്‍ ബിന്‍ ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. സമ്മേളനത്തിന്‍െറ ഭാഗമായ വെബ്സൈറ്റും വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. iapcoman.com എന്ന വെബ്സൈറ്റില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ട നിര്‍ദശങ്ങളും ലഭ്യമാണെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു. 
നിക്ഷേപത്തിന്‍െറ സാധ്യതകള്‍ തുറന്ന് വ്യാപാര സേവനമേഖലകള്‍ എന്നതായിരുന്നു കഴിഞ്ഞ അറബ്-ഇന്ത്യന്‍ പങ്കാളിത്ത സമ്മേളനത്തിന്‍െറ വിഷയം. ന്യൂഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ വിവിധ തുറകളിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. 2008 ഏപ്രില്‍ 18,19 തീയതികളിലാണ് ആദ്യ അറബ് -ഇന്ത്യന്‍ പങ്കാളിത്ത സമ്മേളനം നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.