????? ???????

പെരുന്നാളിന്‍െറ റോസ് നിറവും  പെരിങ്ങത്തൂരിലെ മക്കയും

നോമ്പുകാലത്തിന് എന്‍െറ മനസ്സില്‍ റോസ് നിറമാണ്. നോമ്പിനൊടുക്കമത്തെുന്ന ഒരു പെരുന്നാളിന് പലരോടായി കടം ചോദിച്ചപ്പോഴാണ് ഉമ്മാക്ക് ഒരു തുണി വാങ്ങാനുള്ള പണം കിട്ടിയത്. കടം എന്നാല്‍ തിരിച്ചുകൊടുക്കാനായി വാങ്ങുന്നതാണല്ളോ. ഞങ്ങള്‍ക്ക് വാങ്ങിയതൊന്നും തിരിച്ചുകൊടുക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല. എങ്കിലും, പെരുന്നാളില്‍ ഒരു കോടിത്തുണി തന്‍െറ മക്കള്‍ക്കും വേണ്ടേ എന്ന ആധിയില്‍നിന്നാണ് ഉമ്മ കടം ചോദിക്കുന്നത്. അങ്ങനെ കനിഞ്ഞുകിട്ടിയ പണമുപയോഗിച്ച് ഉമ്മ വാങ്ങിത്തന്ന കുപ്പായത്തിന് റോസ് നിറമായിരുന്നു. ആ നിറം തന്ന ആനന്ദം 40 കഴിഞ്ഞിട്ടും മങ്ങിയിട്ടില്ല. നോമ്പുകാലത്ത് ഞങ്ങള്‍ കുട്ടികള്‍ നേരത്തേ പള്ളിയിലത്തെും. നോമ്പുതുറക്കുമ്പോള്‍ കിട്ടുന്ന ചായകുടിക്കാനുള്ള പിഞ്ഞാണം മാറ്റിവെക്കാനാണ് നേരത്തേ പള്ളിയിലത്തെുന്നത്. പിന്നെ ഉമ്മ തരുന്ന ചില്ലറ പെറുക്കിക്കൂട്ടി വാങ്ങാനാകുന്ന ഒരേയൊരു സാധനം കണ്ണാടിക്കൂട്ടിലെ നീളത്തിലുള്ള ബണ്‍ ആണ്. അതിന്‍െറ നടുക്ക് ഉണക്കമുന്തിരിയുമുണ്ടാകും. കടുത്ത ദാരിദ്ര്യമായിരുന്നു. അതിനിടയില്‍ ആര്‍ഭാടത്തിന്‍െറ ഒരു വൈകുന്നേരവും നോമ്പുകാലത്തുണ്ടായിരുന്നില്ല. ചുറ്റുമുള്ള വീടുകളിലും വലിയ വിഭവങ്ങളൊന്നും ഒരുക്കിയതായി കണ്ടിട്ടില്ല. കുതിര്‍ത്ത ഗോതമ്പ് അമ്മിയില്‍ അരച്ച് ചുട്ട പത്തിരിയാണ് പ്രധാന ഭക്ഷണം. നോമ്പുതുറപ്പിക്കല്‍ ചടങ്ങുകളൊന്നും അന്ന് നടന്നതായി ഓര്‍മയിലില്ല. 

‘മറ്റുള്ള വീടുകളില്‍ പോയി കഴിക്കരുത്, ഇവിടെ ഉള്ളതില്‍ തൃപ്തിപ്പെടുക’ -ഉമ്മ പറയും. ഞങ്ങള്‍ ദാരിദ്ര്യത്തിന്‍െറ അടയാളം പേറിയവരായതുകൊണ്ട് റമദാന്‍ അവസാന നാളുകളില്‍ സകാത്ത് പണം പലരും തരുമായിരുന്നു. അതൊരു വലിയ അനുഗ്രഹമായിരുന്നു. ആന്ധ്രയില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന ബന്ധു പോക്കറ്റില്‍നിന്ന് രണ്ടുരൂപയുടെ നോട്ടെടുത്ത് തന്നപ്പോഴുണ്ടായ അദ്ഭുതവും സന്തോഷവും പിന്നീട് ലക്ഷങ്ങള്‍ കൈയിലൂടെ മറിഞ്ഞപ്പോഴും അനുഭവിച്ചിട്ടില്ല. ഒരു കെട്ടില്‍നിന്ന് നോട്ട് പറിച്ചെടുക്കുകയായിരുന്നു. അരികുകൊണ്ടാല്‍ മുറിയും പോലുള്ള നോട്ട്. ഇളം ചുവപ്പ് നിറം. ആ നോട്ട് നീട്ടിയ ആള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍െറ പ്രിയ പുത്രിയെ എന്‍െറ ജീവിതസഖിയാക്കാനും അനുമതി തന്നു. 27ാം നോമ്പിന് പെരിങ്ങത്തൂര്‍ പള്ളിയില്‍ പോകുന്ന പതിവുണ്ടായിരുന്നു. മാലിക് ദീനാര്‍ സംഘത്തില്‍ പെട്ടൊരാളുടെ മഖ്ബറ ഇവിടെയാണെന്നാണ് പരമ്പരാഗതമായുള്ള വിശ്വാസം. അവിടെ വഴിപാടും പ്രാര്‍ഥനയുമെല്ലാം തകൃതിയാണ്. അതൊക്കെ മുതിര്‍ന്നവര്‍ക്ക്. ഞങ്ങള്‍ പോകുന്നത് സകാത്ത് കിട്ടിയ പണംകൊണ്ട് കളിക്കോപ്പുകളും പടക്കവും പാട്ടുപുസ്തകവും മറ്റും വാങ്ങാനാണ്. ഒപ്പം, പള്ളിക്ക് പുറത്ത് കാമറപോലുള്ള ഒരു അദ്ഭുത വസ്തുവുണ്ടാകും. അതിന്‍െറ ഉടമക്ക് രണ്ടു പൈസ കൊടുത്താല്‍ അയാള്‍ മക്കയും മദീനയും കാണിച്ചുതരും. മക്കയും മദീനയും കാണാതെ കിടഞ്ഞിയില്‍നിന്ന് പെരിങ്ങത്തൂരിലേക്കുള്ള അഞ്ചു കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാകില്ല. അടുത്ത വീടുകളില്‍നിന്നുള്ളവരെല്ലാം നേര്‍ച്ചപ്പണം ഏല്‍പിക്കും. 

അതെല്ലാമായി ഭയഭക്തിയോടെയാണ് യാത്ര. കഴിഞ്ഞ 24 വര്‍ഷമായി ബഹ്റൈനിലാണ് എന്‍െറ നോമ്പുകാലം. പലരാജ്യക്കാരുടെ കൂടെ പലസ്ഥലങ്ങളില്‍ നോമ്പുദിനങ്ങള്‍ കഴിഞ്ഞുപോയി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും കൂട്ടായ്മകളുടെ ഭാഗമാവുകയും ചെയ്തു. അപ്പോഴും ഓര്‍മയുടെ അടിയില്‍ ഊറുന്നത് ആ റോസ് കുപ്പായക്കാലമാണ്. മാളുകളില്‍, ഷോപ്പിങ് സെന്‍ററുകളിലെല്ലാം ജനം കൂട്ടമായി നോമ്പും പെരുന്നാളും പൊടിപൊടിക്കുന്ന കാഴ്ചകള്‍ കണ്ടു. എങ്ങും ആര്‍ഭാടം. നാട്ടിലത്തെിയാല്‍ അതിലേറെ ആര്‍ഭാടം. ആവശ്യത്തിനുമാത്രമുള്ളത് ഭൂമിയില്‍നിന്നെടുത്ത് ജീവിക്കുന്നതിന്‍െറ കൂടി സന്ദേശമാണല്ളോ റമദാന്‍ പകരുന്നത്. നാടും നഗരവുമെന്ന വ്യത്യാസമില്ലാതുള്ള പുതിയ കാലത്തിന്‍െറ പളപ്പില്‍ പോയകാലത്തിന്‍െറ പട്ടിണിസ്മരണകള്‍ നോമ്പിന് കൂടുതല്‍ കരുത്തുപകരുകയാണ്. അതുകൊണ്ടാണ് റോസ് നിറമുള്ള ഒരു കുപ്പായം ഇപ്പോഴും വസ്ത്രശേഖരത്തില്‍ ഞാന്‍ കരുതുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.