??????????? ???? ????

സൗരോര്‍ജ വൈദ്യുതോല്‍പാദന രംഗത്ത് പുത്തന്‍ കാല്‍വെപ്പിന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല

മസ്കത്ത്: സൗരോര്‍ജ വൈദ്യുതോല്‍പാദനരംഗത്ത് പുതിയ കാല്‍വെപ്പിന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഒരുങ്ങുന്നു. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മേല്‍ക്കൂര നിര്‍മിക്കാനാണ് പദ്ധതിയെന്ന് സര്‍വകലാശാല കോളജ് ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. അബ്ദുല്ല ഹമീദ് അല്‍ ബാദി അറിയിച്ചു. 675 ഫോട്ടോവോള്‍ട്ടിക്ക് പാനലുകളായിരിക്കും ഇതിനായി സ്ഥാപിക്കുക. 2.16 ലക്ഷം റിയാലാണ് പദ്ധതി ചെലവ്.
ആദ്യപടിയെന്നോണ്ണം സര്‍വകലാശാല എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നേരത്തേ പരിസ്ഥിതി സൗഹൃദ ഭവന പദ്ധതി നടപ്പാക്കിയിരുന്നു. വീടുകള്‍ക്ക് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന ഈ പദ്ധതി വിജയമായതോടെയാണ് പുതിയ കാല്‍വെപ്പ്. 
ഒഴിഞ്ഞുകിടക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിക്കാനാണ് തീരുമാനം. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്നും അല്‍ ബാദി പറഞ്ഞു. 
സുല്‍ത്താനേറ്റില്‍ സൗരോര്‍ജ വൈദ്യുതോല്‍പാദനത്തിന് മികച്ച സാധ്യതയാണുള്ളത്. വേനല്‍ കത്തിനില്‍ക്കുന്ന ജൂലൈയില്‍ ഒരു ചതുരശ്ര മീറ്ററില്‍ മണിക്കൂറില്‍ ഏതാണ്ട് 5500 മുതല്‍ ആറായിരം കിലോവാട്ടും ജനുവരിയില്‍ 2500 മുതല്‍ 3000 കിലോവാട്ടും സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. വര്‍ഷത്തില്‍ 340 ദിവസവും സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍  സൗരോര്‍ജ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അല്‍ ഹാദി പറഞ്ഞു. പുനരുപയോഗ സ്രോതസ്സുകള്‍ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നത്. 
തെക്കന്‍ ഒമാനില്‍ നിര്‍മാണം പുരോഗമിക്കുന്ന ഗ്ളാസ്പോയന്‍റിന്‍െറ മിറാഹ് സോളാര്‍ തെര്‍മല്‍ പദ്ധതി അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. 
ക്രൂഡോയില്‍ ഉല്‍പാദനത്തിനാകും സൗരോര്‍ജം ഉപയോഗിക്കുക. മസീറയിലും ദോഫാറിലുമടക്കം കാറ്റാടി വൈദ്യുതി പദ്ധതികളും അടുത്ത വര്‍ഷങ്ങളില്‍ യാഥാര്‍ഥ്യമാകും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.