മസ്കത്ത്: ഡ്യൂട്ടിഫ്രീ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനെച്ചൊല്ലി യാത്രക്കാരും എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിവ് സംഭവമാണ്. ഏഴുകിലോക്ക് മുകളിലുള്ള സാധനങ്ങള്‍ക്ക് അധിക പണമടക്കാന്‍ നിര്‍ദേശിച്ച സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പണമടക്കാത്തവര്‍ക്ക് സാധനങ്ങള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. മസ്കത്ത് ഡ്യൂട്ടി ഫ്രീ (എം.ഡി.എഫ്) പുറത്തിറക്കിയ പ്രത്യേക പെട്ടി ഇത്തരം തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവുകയാണ്. ഏഴു കിലോഗ്രാം വരെയുള്ള സാധനങ്ങള്‍ ഇതില്‍ അധിക നികുതി നല്‍കാതെ കൊണ്ടുപോകാന്‍ കഴിയും. പത്തു കിലോഗ്രാം വരെയുള്ള ഇതില്‍ കൊള്ളുമെങ്കിലും വിമാനകമ്പനികളുടെ സൗകര്യാര്‍ഥം ഏഴു കിലോ സാധനങ്ങള്‍ കൊണ്ടുപോകാനാണ് തങ്ങള്‍ താല്‍പര്യപെടുകയെന്ന് മസ്കത്ത് ഡ്യൂട്ടിഫ്രീ ജനറല്‍ മാനേജര്‍ മാര്‍ട്ടിന്‍ മുല്ളെന്‍ പറഞ്ഞു. ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ ചില ബജറ്റ് കമ്പനികള്‍ ഹാന്‍ഡ് ബാഗേജായി കണക്കാക്കുന്നുണ്ട്. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക പെട്ടി പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെക് ഇന്‍ ചെയ്തതിനുശേഷം മസ്കത്ത് ഡ്യൂട്ടിഫ്രീയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യം. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് യാത്രക്കാര്‍ക്കും മുംബൈ, കഠ്മണ്ഡു, ലക്നൗ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ളവര്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. പ്രത്യേക പെട്ടിയിലെ നിര്‍ദിഷ്ട സ്ഥലത്തു പേരും വിമാന സര്‍വിസിന്‍െറ വിശദാംശങ്ങളും പോകേണ്ട സ്ഥലവും വ്യക്തമായി എഴുതണം. തുടര്‍ന്ന്, ഗേറ്റില്‍ പെട്ടിനല്‍കിയാല്‍ അധികൃതര്‍ നേരിട്ട് വിമാനത്തില്‍ എത്തിക്കും. നിര്‍ദിഷ്ട ലഗേജ് ഭാരപരിധി കൂടാതെയാണ് ഈ ആനുകൂല്യം ലഭിക്കുക. സാധനങ്ങള്‍ക്ക് കേടുപാടുണ്ടാകാത്തവിധത്തിലാണ് പെട്ടി ഒരുക്കിയിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ മുല്ളെന്‍ പറഞ്ഞു. ഒമാന്‍ എയര്‍ റൂട്ടുകളിലും കൊച്ചി, ധാക്ക റൂട്ടുകളിലും ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ 24 510 725 (എക്സ്റ്റന്‍ഷന്‍ 232) എന്ന നമ്പറിലോ freecarrybox@muscatdutyfree.com എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.