വൈദ്യുതി നിരക്കുകളില്‍ പരിഷ്കരണം വരുന്നു

മസ്കത്ത്:  ഒമാന്‍ വൈദ്യുതി നിരക്കുകള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നു. സബ്സിഡികളില്‍ കുറവുവരുത്തി നിരക്കുകളില്‍ സമൂല പരിഷ്കരണമാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി, ജല പൊതു അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അല്‍ മഹ്റൂഖിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. നിരക്ക് പരിഷ്കരണം എങ്ങനെയായിരിക്കണമെന്നതുസംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഉപഭോഗത്തിന്‍െറ അളവ് കുറക്കാനും കൂടി പ്രേരിപ്പിക്കുന്നതിനാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. സബ്സിഡിയില്‍ എത്ര ശതമാനമാണ് കുറക്കുന്നതെന്ന ചോദ്യത്തിന് നിശ്ചിത ശതമാനം സബ്സിഡി കുറക്കുകയായിരിക്കില്ല, മറിച്ച് പുതിയ വൈദ്യുതി നിരക്ക് ആകും നിലവില്‍വരുകയെന്ന് അദ്ദേഹം പ്രതികരിച്ചു.
പഠനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും ഇത് എന്നുമുതല്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വ്യവസായ, വാണിജ്യ, സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. നിലവിലെ വൈദ്യുതി നിരക്കുകള്‍ 1986ലാണ് നിലവില്‍വന്നത്. ‘പെര്‍മിറ്റഡ് താരിഫ്’ എന്നറിയപ്പെടുന്ന ഈ നിരക്കുകള്‍ മന്ത്രിസഭാ കൗണ്‍സിലിന്‍െറ അംഗീകാരത്തോടെയാണ് നിലവില്‍വന്നത്.
ഇതിനു പകരം വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനും വേണ്ടിവരുന്ന ചെലവ് ഈടാക്കുന്ന ‘കോസ്റ്റ് റിഫ്ളക്ടിവ് താരിഫ്’ ഏര്‍പ്പെടുത്തണമെന്ന് ഇലക്ട്രിസിറ്റി റഗുലേഷന്‍ അതോറിറ്റി ഏതാനും വര്‍ഷം മുമ്പ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. ഗാര്‍ഹിക ഉപഭോക്താക്കളടക്കം എല്ലാ വിഭാഗങ്ങള്‍ക്കും ഇതേ രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കുന്ന പക്ഷം സര്‍ക്കാര്‍ സബ്സിഡിയിന്മേലുള്ള ആശ്രിതത്വം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയും. നിരക്ക് വര്‍ധന മറികടക്കാന്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനും ഉപഭോക്താക്കള്‍ മുന്നോട്ടുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യവസായ, വാണിജ്യ സ്ഥാപനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉല്‍പാദിപ്പിച്ച വൈദ്യുതിയുടെ 36 ശതമാനമാണ് വ്യവസായ, വാണിജ്യ മേഖല ഉപയോഗിച്ചത്.
2005ല്‍ കേവലം 23 ശതമാനമായിരുന്നു ഈ മേഖലയുടെ വൈദ്യുതി ഉപഭോഗം. വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജല ഉപയോഗ നിരക്കുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ വര്‍ധിപ്പിച്ചിരുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരു ബൈസ വീതവും വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അര ബൈസ വീതവുമാണ് വര്‍ധിപ്പിച്ചത്. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായി ജല ഉപയോഗ നിരക്ക് വര്‍ധനക്ക് പുറമെ വിസ, റസിഡന്‍റ് കാര്‍ഡ് തുടങ്ങി വിവിധ സേവന നിരക്കുകളിലും സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.